ആറന്മുളയില് പള്ളിയോടം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
പത്തനംതിട്ട: ആറന്മുളയില് പള്ളിയോടം മറിഞ്ഞ് കാണാതായ ചെങ്ങന്നൂര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കല്ലൂരേത്ത് വിശാഖ് രാധാകൃഷ്ണന്(വിഷ്ണു-24), തൊണ്ടിലേറ്റ് രാജീവ്(38) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആറാട്ടുപുഴ പാലത്തിനു സമീപത്തു നിന്നും തിങ്കളാഴ്ച രാത്രി 11 ഓടെയാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. മാലക്കര പള്ളിയോടക്കടവില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 2.30നാണ് വിഷ്ണുവിന്റെ ശരീരം കണ്ടെടുത്തത്.
ഞായറാഴ്ചയാണ് അപകടം നടന്നത്. ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാന്‍ എത്തിയ കീഴ്ചേരിമേല്‍ പള്ളിയോടമാണ് പമ്പാനദിയില്‍ മറിഞ്ഞത്. ക്ഷേത്രക്കടവിനു സമീപം തോട്ടപ്പുഴശേരിക്കരയോട് ചേര്‍ന്ന് തിരിക്കുന്നതിനിടെ പള്ളിയോടം മറിയുകയായിരുന്നു.
വഴിപാടുകാരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായരും പള്ളിയോടത്തില്‍ ഉണ്ടായിരുന്നു. കരുണിനെ അപകടം നടന്നയുടനെ ബോട്ടില്‍ കരക്കെത്തിച്ചു. പള്ളിയോട സേവാസംഘത്തിന്റെ നാലു ബോട്ടുകളും പൊലിസിന്റെ രണ്ടു ബോട്ടുകളും അഗ്നിശമന സേനയുടെ ഒരു ബോട്ടും രണ്ടു മോട്ടോര്‍ വള്ളങ്ങളും നിരവധി ചെറു വള്ളങ്ങളും ചേര്‍ന്ന് സംഭവ ദിവസം മുതല്‍ വിശാഖിനും രാജീവിനുമായി തെരച്ചില്‍ നടത്തുകയായിരുന്നു. പതിനഞ്ചോളം മുങ്ങല്‍ വിദഗ്ധരും നദിയുടെ അടിത്തട്ടില്‍ തെരച്ചില്‍ നടത്തി. ഉയര്‍ന്ന ജലനിരപ്പും വെളിച്ചക്കുറവും മൂലം അഗ്നിശമന സേനയും മറ്റും വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്തിയെങ്കിലും പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ രാത്രിയിലും ഹാലജന്‍ ലൈറ്റ് ഘടിപ്പിച്ച ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ ഉദ്യോഗസ്ഥ വൃന്ദവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആലപ്പുഴയില്‍ നിന്നുള്ള സ്കൂബാ ഡൈവേഴ്സും പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം യൂനിറ്റുകളിലെ നൂറോളം അഗ്നിശമന സേനാംഗങ്ങളും തെരച്ചിലില്‍ പങ്കെടുത്തു. പമ്പയിലെ ശക്തമായ അടിയൊഴുക്കും ഉയര്‍ന്ന ജലനിരപ്പും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.
ലണ്ടന്‍ ഡയറി ഐസ്ക്രീം കമ്പനിയില്‍ സെയില്‍സ് എക്സിക്യുട്ടിവ് ആയിരുന്നു രാജീവ്. അവധിക്കു നാട്ടിലെത്തിയതാണ്. ഭാര്യ: ജിഷ. മകന്: ശിവനാരായണന്‍. വിശാഖ് കൊച്ചിയില്‍ സോഫ്റ്റ്വെയര് കമ്പനി ജീവനക്കാരനാണ്. മാതാവ്: രാജലക്ഷ്മി. സഹോദരന്: വിനായക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."