അരീക്കോടിന്റെ മനസില്‍ പന്തുതട്ടി പ്രിയങ്ക; കൈയടിച്ച് ഫുട്‌ബോള്‍ പ്രേമികള്‍
എന്‍.സി ഷെരീഫ്
അരീക്കോട്: വയനാട്ടിലേക്കുള്ള രണ്ടാം വരവില്‍ ഏറനാടിനെ കൈയിലെടുക്കാന്‍ പ്രിയങ്ക പ്രയോഗിച്ചത് അരീക്കോട്ടുകാരുടെ ഖല്‍ബിനകത്തെ ഫുട്‌ബോള്‍ ജ്വരം. വയനാട്ടിലെ സഹോദരി സഹോദരന്മാരെ എന്ന് അഭിസംബോധനം ചെയ്ത് സംസാരം തുടങ്ങിയ പ്രിയങ്ക, അരീക്കോടിന്റെ മനസറിഞ്ഞ് സദസിനെ കോരിത്തരിപ്പിച്ചു.
പൊതുസമ്മേളന വേദിയായ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുന്ന പ്രതീതിയില്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഫുട്‌ബോളിനെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കൂ എന്ന് കായിക പ്രേമികള്‍ വിളിച്ചുപറഞ്ഞതോടെ വിട്ടുകൊടുക്കാന്‍ പ്രിയങ്കയും തയാറായില്ല.
തന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി സ്ഥിരമായി ഫുട്‌ബോള്‍ മത്സരം കാണുമായിരുന്നു എന്ന് പറഞ്ഞതോടെ കാല്‍പന്തുകളി പ്രേമികള്‍ പ്രിയങ്ക, പ്രിയങ്ക എന്ന് ആര്‍ത്തു വിളിച്ചു. മുത്തശ്ശി സ്ഥിരമായി ഫുട്‌ബോള്‍ മത്സരം കണ്ടിരുന്നു.
1982ലെ ലോകകപ്പ് മത്സരം ഞങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്നതിനിടെ മുത്തശ്ശി കൈയടിച്ചു. ആര്‍ക്ക് വേണ്ടിയാണ് കൈയടിച്ചതെന്ന് ചോദിച്ചപ്പോള്‍, ഇന്ത്യ മത്സരിക്കുന്നില്ലല്ലോ, അതില്‍ വിഷമമുണ്ട്. ഏതായാലും ഇപ്പോള്‍ ഇറ്റലിക്ക് വേണ്ടി കൈയടിക്കുകയാണ് എന്നായിരുന്നു മുത്തശ്ശിയുടെ മറുപടി, ചെറിയ ഒരു ചിരിക്കിടയില്‍ പ്രിയങ്ക ഓര്‍മകള്‍ ചികഞ്ഞെടുത്തു.
ഫുട്‌ബോള്‍ ആരാധകരുടെ വീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം എന്താണെന്ന് തനിക്കറിയാമെന്നും പ്രിയങ്ക പറഞ്ഞു. എന്റെ വീട്ടിലും ഒരു ഫുട്‌ബോള്‍ ആരാധകനുണ്ട്. മകനെ നോക്കി പ്രിയങ്ക സൂചിപ്പിച്ചു.
രാഹുല്‍ ഗാന്ധിയും നല്ല ഫുട്‌ബോള്‍ പ്രേമിയാണ്. ഇതോടെ പ്രതിരോധ നിരയെ തകര്‍ത്തെറിഞ്ഞ് ഗോള്‍വല കുലുക്കിയ താരത്തിനെന്ന പോലെ പ്രിയങ്കയെ നോക്കി സദസ് കരഘോഷം മുഴക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."