ചൈനയില്‍ മുസ്‌ലിം പള്ളി തകര്‍ത്ത് പൊതു ശൗചാലയം നിര്‍മിച്ചു
ബെയ്ജിങ്: ചൈനയില്‍ ഉയിഗൂര്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ മുസ്‌ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ പൊതു ശൗചാലയം നിര്‍മിച്ചു. ആതുഷ് മേഖലയിലെ സുന്റ്റാഗ് ഗ്രാമത്തിലെ ജുമാമസ്ജിദാണ് 2018ല്‍ തകര്‍ത്തത്. രണ്ടുവര്‍ഷത്തിനു ശേഷം അതേ സ്ഥലത്ത് പൊതു ശൗചാലയം നിര്‍മിക്കുകയായിരുന്നു. റേഡിയോ ഫ്രീ ഏഷ്യ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സുന്റ്റാഗ് ഗ്രാമത്തിലെ ആളുകള്‍ക്ക് വീടുകളില്‍ തന്നെ ശൗചാലയമുണ്ടെന്നും ഇവിടെ പൊതു ശൗചാലയത്തിന്റെ ആവശ്യമേ ഇല്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
ഉയിഗൂര്‍ മുസ്‌ലിം മേഖലയായ സിന്‍ജിയാങ്ങില്‍ 70 ശതമാനം പള്ളികളും സര്‍ക്കാര്‍ പൊളിച്ചുമാറ്റിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഇസ്‌ലാംപേടിയാണ് കാരണം. ഉയിഗൂര്‍ മനുഷ്യാവകാശ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം മൂന്നുവര്‍ഷത്തിനിടെ സിന്‍ജിയാങ്ങില്‍ തകര്‍ക്കപ്പെട്ടത് 15,000ത്തോളം പള്ളികളാണ്.
സിന്‍ജിയാങ്ങില്‍ മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന പ്രവൃത്തികള്‍ ഇതാദ്യമായല്ല. 2019ല്‍ അസ്‌നാ പള്ളി തകര്‍ത്ത് അവിടെ മദ്യവും സിഗരറ്റും വില്‍ക്കുന്ന ഷോപ്പ് തുറക്കുകയായിരുന്നു. ഹോറ്റാന്‍ നഗരത്തില്‍ പള്ളി പൊളിച്ച് അവിടെ അടിവസ്ത്ര നിര്‍മാണശാല പണിയാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഹോറ്റാന്‍ നഗരത്തിലെ പ്രശസ്തമായ പള്ളിയായിരുന്നു ഇമാം അസിം പള്ളി. അടുത്തിടെയാണ് ഈ പള്ളി ഭരണകൂടം തകര്‍ത്തത്. ഈ പള്ളിയുടെ ഉപഗ്രഹ ചിത്രം ഗാര്‍ഡിയന്‍ പത്രം കൊടുത്തിരുന്നു. സുന്റ്റാഗ് ഗ്രാമത്തിലെ പള്ളി ഇടിച്ചുനിരപ്പാക്കുന്നതിനു മുമ്പ് മിനാരത്തില്‍ പാര്‍ട്ടി കൊടി നാട്ടിയ ഹാന്‍ വംശജരായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പള്ളിക്കു മുന്നില്‍ 'രാജ്യത്തെ സ്‌നേഹിക്കുക, പാര്‍ട്ടിയെ സ്‌നേഹിക്കുക' എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
ഷി ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന 'മോസ്‌ക് റെക്റ്റിഫിക്കേഷന്‍ നയ'ത്തിന്റെ ഭാഗമായാണ് മുസ്‌ലിം പള്ളി ഇടിച്ചുനിരത്തിയത്. 2017 മുതല്‍ പ്രദേശവാസികളായ 18 ലക്ഷത്തോളം പേരെ റീ-എജ്യുക്കേഷന്‍ ക്യാംപുകള്‍ എന്നു പേരിട്ടുവിളിക്കുന്ന തടങ്കല്‍ പാളയങ്ങളിലേക്കു മാറ്റിയിരുന്നു. 2019ല്‍ മുസ്‌ലിംകളെ സോഷ്യലിസത്തിലേക്കു മാറ്റാന്‍ പഞ്ചവല്‍സര പദ്ധതി പാസാക്കിയിരുന്നു.
ചൈനയില്‍ 2.2 കോടി മുസ്‌ലിംകളാണുള്ളത്. ഇതില്‍ പകുതിയും സിന്‍ജിയാങ്ങിലാണ്. ഇതില്‍ 18 ലക്ഷം പേര്‍ നിലവില്‍ തടങ്കല്‍ പാളയങ്ങളില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉയിഗൂറുകളെ കൊന്നൊടുക്കുകയും അവയവങ്ങള്‍ വില്‍ക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."