പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം; 32 വര്‍ഷം ഉള്ളില്‍കൊണ്ടുനടന്ന ആഗ്രഹം നിറവേറ്റി റോസി
നിലമ്പൂര്‍: 32 വര്‍ഷം കൊണ്ടുനടന്ന ആഗ്രഹം നിറവേറ്റിയ ത്രില്ലിലാണ് ചുങ്കത്തറ പൂക്കോട്ടുമണ്ണയിലെ പാലമൂട്ടില്‍ റോസി ഇമ്മാനുവേല്‍ എന്ന 67 കാരി. പ്രധാനമന്ത്രിയായിരിക്കേ നിലമ്പൂരില്‍ എത്തിയ രാജീവ്ഗാന്ധി അന്ന് വേദിക്കു മുന്നിലായി ബാരിക്കേഡിനു ഒന്നാമത്തെ സീറ്റിലിരുന്ന റോസിക്ക് ഹസ്തദാനം നല്‍കിയിരുന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് കൈകൊടുക്കാനായതിന്റെ ത്രില്‍ ഇപ്പോഴും മാറിയില്ലായെന്നിരിക്കേ മകള്‍ പ്രിയങ്കാഗാന്ധി നിലമ്പൂരില്‍ വരുന്നുവെന്നറിഞ്ഞതോടെ തന്റെ ആഗ്രഹവും സാധിച്ചെടുത്ത ആഹ്ലാദത്തിലാണ് ഈ വീട്ടമ്മ. ചെറിയ നിരാശ മാത്രം ബാക്കി രാഹുലിനും ഒരു കൈകൊടുക്കണം. 1987ലാണ് നിലമ്പൂരില്‍ രാജീവ്ഗാന്ധിയെത്തിയത്. മുപ്പത്തിയഞ്ചുകാരിയായിരുന്ന റോസിയും സഹോദരി മേരിയും കൂടി ചന്തക്കുന്ന് വരെ ബസില്‍ വന്നു. അവിടുന്ന് ഓട്ടോപിടിച്ചാണ് രാജീവ് ഗാന്ധി പ്രസംഗിക്കുന്ന കോടതിപ്പടിയിലെ സ്ഥലത്തേക്ക് വന്നത്. മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. പ്രധാനമന്ത്രിയെ ഒന്നു കാണണം എന്നു മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. രാജീവ് ഗാന്ധി സ്റ്റേജിന്റെ സ്‌റ്റെപ്പിലേക്ക് ഓടി കയറുന്നതിനിടെ രാജീവ്ജീ രാജീവ് ജീ എന്ന റോസിയുടെ വിളി കേട്ട അദ്ദേഹം കൈകൊടുക്കുകയായിരുന്നു. ആ സന്തോഷം മനസില്‍ സൂക്ഷിച്ചുവരുന്നതിനിടെയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത്. പിന്നെ രാഹുല്‍ ഗാന്ധിയെ കാണണമെന്നായി ആഗ്രഹം.
അച്ഛനെപോലെ ഒരു ഷെയ്ക്ക്ഹാന്‍ഡ് കിട്ടണം. എന്നാല്‍ രാഹുല്‍ നിലമ്പൂരില്‍ ഇല്ലെന്നറിഞ്ഞതോടെ നിരാശയായി. ഇതിനിടെയാണ് വണ്ടൂരില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന വിവരം അറിഞ്ഞത്. കൊച്ചുമകന്റെ കൂടെ വണ്ടൂരിലെത്തിയെങ്കിലും ജനതിരക്ക് മൂലം അടുത്തേക്ക് എത്താനായില്ല. നിരാശയോടെ വീട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് പ്രിയങ്കഗാന്ധി നിലമ്പൂരില്‍ വരുമെന്നറിഞ്ഞത്.
പിന്നെ അടുത്ത ലക്ഷ്യം പ്രിയങ്കക്കൊരു ഷെയ്ക്ക്ഹാന്‍ഡ്. ഒത്താല്‍ ഒന്നു വാരിപുണരണം. ആ ലക്ഷ്യവുമായി ഇന്നലെ നേരത്തെ നിലമ്പൂരിലെ സമ്മേളന നഗരിയിലെത്തി. ജനതിരക്ക് മൂലം പിറകിലാണ് സീറ്റ് തരപ്പെട്ടത്. ഇതിനിടെ ചിലര്‍ നേതാക്കന്‍മാരെ വിവരമറിയിച്ചു. റോസിയുടെ ആഗ്രഹം അറിയിച്ചതോടെ പ്രിയങ്കയെ കാണാന്‍ അനുമതി കിട്ടി.
പ്രസംഗം കഴിഞ്ഞ പ്രിയങ്ക മടങ്ങുന്നതിനിടെയാണ് പിതാവ് രാജീവ്ഗാന്ധിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയ നിലമ്പൂരിലെ ഏക വനിതയാണെന്ന് അറിയിച്ചത്. ഇതോടെ ആശ്ചര്യത്തിലായ പ്രിയങ്കഗാന്ധി റോസിയെ അമ്മയെപ്പോലെ ചേര്‍ത്തുപിടിച്ചു. ചുംബനവും നല്‍കി. കൂടെ ഒരു ഷെയ്ക്ക്ഹാന്‍ഡും. തന്റെ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് വീണ്ടും റോസി. ഇനി കണ്ണടയുന്നതിന് മുന്‍പ് ഒന്നു കൂടെ ബാക്കിയുണ്ട്. രാഹുല്‍ഗാന്ധിക്ക് കൂടി ഒരു ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കണം. വയനാട്ടില്‍ വിജയിച്ച് വരട്ടെ. ഒരവസരം ലഭിക്കാതിരിക്കില്ല.. റോസി പറയുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."