മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം
കല്‍പ്പറ്റ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടന്ന വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കും. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കൊവിഡ്-19 ന്റെ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മുത്തങ്ങയും തോല്പ്പെട്ടിയും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ താല്‍ക്കാലികമായി അടച്ചത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് കേന്ദ്രങ്ങളില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമുണ്ടാകില്ല.
സഞ്ചാരികളെ തെര്‍മല്‍ സ്കാനിങിന് വിധേയമാക്കിയ ശേഷമാണ് ടിക്കറ്റ് അനുവദിക്കുക. രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു മണിവരേയുമായി ഒരുദിവസം പരമാവധി 60 വാഹനങ്ങള്‍ക്കാണ് വനത്തിലേക്ക് പ്രവേശനാനുമതിയുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."