മൊബൈല്‍ ടവര്‍ കേബിള്‍ മോഷണം; മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റില്‍
പെരിന്തല്‍മണ്ണ: വിവിധ ജില്ലകളില്‍നിന്നും മൊബൈല്‍ ടവര്‍ കേബിള്‍ മോഷണം പതിവാക്കിയ സംഭവത്തില്‍ മുഖ്യപ്രതിയും കൂട്ടാളിയും പെരിന്തല്‍മണ്ണ പൊലിസിന്റെ പിടിയിലായി. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടവര്‍ കേബിളുകള്‍ മോഷണം നടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരനെയും സഹായിയേയുമാണ് പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തത്.
ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി കൈതക്കല്‍ ഉണ്ണികൃഷ്ണന്‍ (36), തമിഴ്‌നാട് തച്ചിങ്ങനാടം സ്വദേശി കള്ളകുര്‍ശ്ശി ശെല്‍വരാജ് (36) എന്നിവരാണ് പട്ടാമ്പി റോഡിലെ മൊബൈല്‍ ടവര്‍ കേബിള്‍ മോഷണത്തിനിടെ പെരിന്തല്‍മണ്ണ സി.ഐ എം.പി രാജേഷ്, എസ്.ഐ ജയേഷ് ബാലന്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്. ഇതോടെ സമാനരീതിയില്‍ മൂന്നു ജില്ലകളിലായി നടന്ന 20ഓളം മോഷണ കേസുകള്‍ക്കാണ് തുമ്പായത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ മുന്‍പ് മൊബൈല്‍ ടവര്‍ ടെക്‌നീഷ്യനായി ജോലി ചെയ്തയാളാണ്. ഇതുകൊണ്ടുതന്നെ ടവറിലേക്കുള്ള കേബിളുകളില്‍ ഷോക്കില്ലാത്തത് തിരിച്ചറിഞ്ഞ് കൃത്യമായി പൊട്ടിച്ചെടുത്താണ് കൊണ്ടുപോകുന്നത്. ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്നും പെരിന്തല്‍മണ്ണ ഗവ.ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി, തൃശൂര്‍, ഒറ്റപ്പാലം പെരിന്തല്‍മണ്ണയിലെ ജൂബിലിറോഡ്, അങ്ങാടിപ്പുറം പരിസരങ്ങളില്‍ നിന്നും നിരവധി മൊബൈല്‍ ടവര്‍ കേബിളുകള്‍ മുറിച്ച് മോഷണം നടത്തിയതായും കളവു മുതലുകള്‍ തൃശ്ശൂര്‍ ചെറുപ്പുളശ്ശേരി, പെരിന്തല്‍മണ്ണ, ഭാഗങ്ങളിലെ കടകളില്‍ വില്‍പ്പന നടത്തിയതായും പ്രതി പൊലിസിനോട് പറഞ്ഞു. ഇയാളുടെ പേരില്‍ മലപ്പുറം, പാലക്കാട് ജില്ലകളില്‍ മുമ്പും മോഷണക്കേസുകള്‍ ഉള്ളതായും പെരിന്തല്‍മണ്ണയില്‍ ഇതേകുറ്റത്തിന് അറസ്റ്റിലായി മാസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയതെന്നും പൊലിസ് അറിയിച്ചു.
കേബിളുകള്‍ മുറിഞ്ഞ് ടവറിന്റെ പ്രവര്‍ത്തനം തകരാറിലായപ്പോഴാണ് അധികൃതര്‍ പരാതി നല്‍കിയത്. കൂട്ടുപ്രതി ശെല്‍വരാജിനെയും മോഷണത്തിന് മുന്‍പ് രണ്ടു തവണ പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എ ശിവദാസന്റെ മേല്‍നോട്ടത്തില്‍ സി.ഐ, എസ്.ഐ എന്നിവര്‍ക്കുപുറമെ ഉദ്യോഗസ്ഥരായ സി.പി മുരളീധരന്‍, എം. മനോജ് കുമാര്‍, എന്‍.ടി കൃഷ്ണകുമാര്‍, വിപിന്‍ ചന്ദ്രന്‍, രാജേഷ്, വനിതാ സി.പി.ഒ സലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."