സ്വപ്നയുമായി ബന്ധമുള്ള ഉദ്യോഗസ്ഥന് ശിവശങ്കര്‍ മാത്രമല്ല; മുഖ്യമന്ത്രി വിശദീകരിക്കണം: ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മാത്രമല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഏകയാള്‍ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി ശിവശങ്കറെ പുറത്താക്കിയത്. ഇതോടെ എല്ലാം അവസാനിച്ചെന്നും പറഞ്ഞു. പക്ഷേ ഇ.ഡിയുടെ റിപ്പോര്‍ട്ടോടെ ആ വാദം പൊളിഞ്ഞിരിക്കുകയാണ്. ഇനി ഏതെല്ലാം ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന വസ്തുതയാണ് പുറത്തുവരേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് 2017 മുതല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ഇത്രയും നാളായി തന്റെ ഓഫിസില്‍ നടന്നുവന്ന കാര്യങ്ങള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി അറിഞ്ഞില്ല. സര്‍ക്കാര്‍ അധികാരമേറ്റ് 11 മാസമായപ്പോള്‍തന്നെ ഇത്തരം കച്ചവടങ്ങള്‍ ആരംഭിച്ചിരുന്നു എന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി ഗള്‍ഫില്‍ വച്ച് സ്വപ്ന സുരേഷുമായി കണ്ടിരുന്നോ, ചര്‍ച്ച നടത്തിയിരുന്നോ എന്നീ കാര്യങ്ങള്‍ പുറത്തുവരണം. ഗള്‍ഫ് സന്ദര്‍ശന സമയത്ത് ശിവശങ്കറിനൊപ്പം വിവാദ സ്ത്രീയും ഉണ്ടായിരുന്നു. ഏതു തരത്തിലാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെട്ടത്. ഇക്കാര്യങ്ങളിലൊന്നും വസ്തുനിഷ്ടമായ വിശദീകരണം ഇതുവരെ മുഖ്യമന്ത്രി നല്‍കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."