ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈന്‍ ആയപ്പോള്‍ തട്ടിപ്പിന് പുതിയ സോഫ്റ്റ്‌വെയറും
കൊച്ചി: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈന്‍ ആക്കിയതോടെ അധികൃതരെ വെട്ടിക്കാന്‍ പുതിയ തട്ടിപ്പു രീതികളുമെത്തി. പ്രത്യേക സോഫ്റ്റ്‌വെയര്‍ അപേക്ഷകന്‍ സ്വന്തം കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ ഈ കംപ്യൂട്ടറോ മൊബൈല്‍ ഫോണോ വഴി തന്നെ പരീക്ഷ എഴുതുന്ന പുതിയ തട്ടിപ്പു രീതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
കൊവിഡ് കാലത്ത് അപേക്ഷകര്‍ക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാതിരുന്നപ്പോഴാണ് ഓണ്‍ലൈന്‍ ലേണേഴ്‌സ് ടെസ്റ്റ് നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. സ്വയം തെരഞ്ഞെടുക്കുന്ന തിയതിയില്‍ അപേക്ഷകര്‍ക്ക് വീട്ടിലിരുന്ന് കംപ്യൂട്ടറിലോ ടാബിലോ മൊബൈല്‍ ഫോണിലോ ടെസ്റ്റില്‍ പങ്കെടുക്കാമെന്നതാണ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെ മേന്‍മ.
എന്നാല്‍ ടെസ്റ്റ് എഴുതാന്‍ പരിവാഹന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശം ഡ്രൈവിങ് സ്‌കൂളുകാര്‍ക്കോ ഇടനിലക്കാര്‍ക്കോ ഫോര്‍വേഡ് ചെയ്താല്‍ അവര്‍ക്ക് പരീക്ഷ എഴുതാനാവില്ലേ എന്ന ചോദ്യം ആദ്യമേ ഉയര്‍ന്നിരുന്നു. ഡ്രൈവിങ് സ്‌കൂളുകാര്‍ ഇതു തുടക്കത്തില്‍ത്തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരികയും വീട്ടിലോ നാട്ടിലോ ഇല്ലാത്തവര്‍പോലും ലേണേഴ്‌സ് ടെസ്റ്റ് എഴുതുകയും ചെയ്തു. സ്വയം പരീക്ഷയില്‍ പങ്കെടുത്ത മിക്കവരും ഡ്രൈവിങ് സ്‌കൂളുകാരെ ഒപ്പമിരുത്തി പരീക്ഷയെഴുതി വിജയത്തിലേക്ക് കടന്നു.
ചുരുക്കം ചിലര്‍ മാത്രമേ ലേണേഴ്‌സില്‍ തോല്‍ക്കാറുള്ളൂവെന്നതിനാല്‍ ഈ തട്ടിപ്പിനെ വകുപ്പും അവഗണിച്ചു. വാഹനം ഓടിച്ചു കാണിക്കാനായില്ലെങ്കില്‍ ലേണേഴ്‌സ് എടുത്തിട്ടു കാര്യമില്ലല്ലോ എന്ന നിലപാടിലായിരുന്നു അധികൃതര്‍. എന്നാല്‍ നാലുലക്ഷത്തോളം പേര്‍ ലേണേഴ്‌സ് എടുക്കാന്‍ കാത്തിരിക്കുമ്പോള്‍ എല്ലാവരുടെയും വീടുകളിലെത്തി പരീക്ഷയ്ക്ക് സഹായിക്കുക പ്രായോഗികമല്ലെന്ന് കണ്ടെത്തിയാണ് ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ തട്ടിപ്പിനുള്ള സോഫ്റ്റ്‌വെയറിലേക്ക് തിരിഞ്ഞത്.
അഞ്ഞൂറും രണ്ടായിരവുമൊക്കെ ഈടാക്കി സോഫ്റ്റ്‌വെയറുകള്‍ അപേക്ഷകന്റെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് രീതി. ഓണ്‍ലൈനായി ബന്ധിപ്പിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു മുതല്‍ കംപ്യൂട്ടറിന്റെ നിയന്ത്രണം ഇടനിലക്കാരനാവും. പരീക്ഷയും ഇതിലൂടെ അയാള്‍ നിര്‍വഹിക്കും.
ഇതിനു തടയിടാന്‍ കംപ്യൂട്ടറിന്റെ ഐ.പി വിലാസം നോക്കി നടപടിയെടുക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് കൊടുത്തെങ്കിലും തട്ടിപ്പുകാര്‍ ഒരുമുഴം മുന്നേനീങ്ങി. വി.പി.എന്‍ പോലുള്ള സംവിധാനം ഉപയോഗിച്ചാണ് ഇവര്‍ ഐ.പി വിലാസത്തില്‍ കൃത്രിമം കാട്ടുന്നത്. ഇതുകാരണം അപേക്ഷകനാണോ ഇടനിലക്കാരനാണോ പരീക്ഷ എഴുതിയതെന്ന് കണ്ടെത്താനാവാതെ വകുപ്പ് നിസഹായരായിരിക്കുകയാണ്.
എങ്കിലും ക്രമക്കേട് ബോധ്യപ്പെട്ടാല്‍ അപേക്ഷകനെ അയോഗ്യനാക്കുകയും നിയമനടപടി സ്വീകരിക്കുകയും ഇടനിലക്കാരനെതിരേ കേസ് എടുക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുള്ളതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ജൂലൈ ഏഴിനാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലേണേഴ്‌സ് ടെസ്റ്റ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."