കാര്‍ഷിക-ക്ഷീരമേഖലകള്‍ പ്രതിസന്ധിയില്‍
കുന്നുംകൈ: വേനല്‍ച്ചൂടില്‍ മലയോരത്തെ കാര്‍ഷിക-ക്ഷീരമേഖലകള്‍ പ്രതിസന്ധിയില്‍. കൃഷിയിടങ്ങള്‍ പലതും വരണ്ടുണങ്ങിയതോടെ കാര്‍ഷിക വിളകള്‍ പരിപാലിക്കാന്‍ വെള്ളം തേടി അലയുകയാണ് മലയോരത്തെ കര്‍ഷകര്‍. കുടിവെള്ളത്തിനുപോലും കടുത്തക്ഷാമം നേരിടുമ്പോള്‍ കൃഷിക്ക് വേണ്ടി എങ്ങനെ വെള്ളം കണ്ടെത്തുമെന്നതാണ് പ്രധാന പ്രശ്‌നം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകല്‍ സമയങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
തോടുകളിലും മറ്റും നീരൊഴുക്ക് കുറഞ്ഞതോടെ സമീപത്തുള്ള കിണറുകളിലെയും കുളങ്ങളിലെയുമെല്ലാം വെള്ളം മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വറ്റിത്തുടങ്ങി. മലയോരത്തെ ചൈത്രവാഹിനി പുഴകളടക്കം പലതും വറ്റി വരണ്ടു. പാട്ടത്തിനെടുത്തുന്ന കൃഷിയിടങ്ങളിലെ വിളകള്‍ കരിഞ്ഞു തുടങ്ങിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ വേനലിലും കാര്‍ഷിക മേഖല കടുത്തപ്രതിസന്ധിയിലായിരുന്നു.
കനത്തചൂടിനെ തുടര്‍ന്ന് ക്ഷീരമേഖലയിലും തിരിച്ചടി നേടുകയാണ്. ജലദൗര്‍ലഭ്യവും തീറ്റപ്പുല്ലിന്റെ അഭാവവും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. പച്ചപ്പുല്ല് ലഭിക്കാതെവന്നതോടെ പശുക്കള്‍ക്ക് ദഹന സംബന്ധമായ അസുഖങ്ങളും പിടിപെട്ടു തുടങ്ങിയിട്ടുണ്ട്. കാലികള്‍ക്ക് വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതും കട്ടിയുള്ള തൊലിയും വേനലിലെ ഉയര്‍ന്ന ഊര്‍ജ ഉല്‍പാദന നിരക്കും ശരീര താപനില വല്ലാതെ ഉയര്‍ത്തുന്നതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പുല്ല് കിട്ടാതായതോടെ കര്‍ഷകര്‍ ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് ദഹനക്കേടിനും പാല്‍ ഉല്‍പാദനം കുറയ്ക്കുന്നതിനും കാരണമാകും. കാര്‍ഷിക വിളകള്‍ക്ക് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ നിത്യവൃത്തിക്കായി മൃഗസംരക്ഷണ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരും പ്രതിസന്ധിയിലായിരിയ്ക്കുകയാണ്.
തെങ്ങുകളും കരിഞ്ഞുതുടങ്ങി; ആശങ്കയോടെ കേരകര്‍ഷകര്‍
കാസര്‍കോട്: വേനല്‍ കനത്തതോടെ ചൂട് താങ്ങാനാവാതെ തെങ്ങുകളും കരിഞ്ഞുതുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത ജലക്ഷാമം ഉണ്ടായതിനെ തുടര്‍ന്ന് ഫലവൃക്ഷങ്ങള്‍ക്കു വെള്ളം തളിക്കുന്നതും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
അതെ സമയം, ജലക്ഷാമം അത്ര രൂക്ഷമല്ലാത്ത പ്രദേശങ്ങളില്‍ ആഴ്ചക്കു രണ്ടു തവണയെങ്കിലും വെള്ളം തളിക്കുന്ന പറമ്പുകളിലെ ഫലവൃക്ഷങ്ങളും കരിഞ്ഞു തുടങ്ങിയതോടെ ചൂടിന്റെ കാഠിന്യം മുന്‍കാലങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് അധികമാണെന്നാണ് പ്രായമുള്ള ആളുകള്‍ പറയുന്നത്.
ജില്ലയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ ജലക്ഷാമം തുടങ്ങിയിരുന്നെങ്കിലും ഇത് അധികൃതര്‍ കാര്യമായി എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് മാര്‍ച്ച് മാസം രണ്ടാം പകുതിയില്‍ എത്തുമ്പോഴേക്കുതന്നെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറി. ചില സാമൂഹ്യ സംഘടനകളും മറ്റും വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളം എത്തിച്ചു കൊടുക്കുന്നത് ഒട്ടനവധി കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമാകുന്നുണ്ട്.
ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇപ്പോഴും ജല വിതരണ സംവിധാനം തുടങ്ങിയിട്ടില്ല. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തിരമായി ജലമെത്തിക്കാനുള്ള നിര്‍ദേശം ഒരാഴ്ച മുമ്പ് കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നെങ്കിലും പല ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ടെന്‍ഡര്‍ കഴിഞ്ഞു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും മഴ ആരംഭിക്കുമെന്ന നിഗമനത്തിലാണ് ആളുകള്‍.
ജലക്ഷാമം രൂക്ഷമായതോടെ തങ്ങള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ ഫലവൃക്ഷങ്ങളും നശിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകരും സാധാരണക്കാരും കടുത്ത ആശങ്കയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."