HOME
DETAILS
MAL
ക്രൈംബ്രാഞ്ചിന് മൂക്കുകയറിട്ട് ഉത്തരവ്; വിവാദമായപ്പോള്‍ തിരുത്ത്
backup
August 19 2020 | 02:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനെ സ്വതന്ത്രമായി വിടാതെ മൂക്കുകയറിട്ട് സര്‍ക്കാര്‍ ഉത്തരവ്. വിവാദമായപ്പോള്‍ തിരുത്തുമെന്നും ക്ലറിക്കല്‍ തെറ്റാണെന്നും മറുപടി.
ക്രൈംബ്രാഞ്ചിന് കേസുകള്‍ എടുക്കാനും അന്വേഷിക്കാനുമുള്ള അധികാരം വിലക്കിയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്.
ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ലെന്നും സംസ്ഥാന പൊലിസ് മേധാവിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതിയോടെ മാത്രമേ കേസ് റജിസ്റ്റര്‍ ചെയ്യാവൂ എന്നുമായിരുന്നു ഉത്തരവ്.
മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടാണ് ക്രൈംബ്രാഞ്ചിന് മൂക്കുകയറിടാന്‍ തീരുമാനിച്ചത്.
എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിശ്വാസ വഞ്ചന, തിരിമറി അടക്കം ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. കൂടാതെ ചില ഉന്നതര്‍ക്കെതിരേയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവയ്ക്ക് ഏതെല്ലാം കേസുകളാണ് കൈമാറേണ്ടതെന്ന മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് തിങ്കളാഴ്ച പൊലിസ് ആസ്ഥാനത്തു നിന്ന് ഉത്തരവിറങ്ങിയത്.
ഇതനുസരിച്ച് സംസ്ഥാന പൊലിസ് മേധാവിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതിയോടെ മാത്രമേ കേസ് റജിസ്റ്റര്‍ ചെയ്യാവൂ.
പൊലിസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറണം എന്നും നേരത്തേയുള്ള ഉത്തരവിലുണ്ടായിരുന്നു. അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്.
30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങള്‍ കൈവശംവച്ച കേസും മോഷണക്കേസും ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.
ഉത്തരവിറങ്ങിയതിനു പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര സെക്രട്ടറിയെയും ഡി.ജി.പിയെയും അതൃപ്തി അറിയിച്ചു.
ഒരു പരാതി വന്നാല്‍, അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ സംസ്ഥാന പൊലിസ് സംവിധാനം ഒട്ടും വൈകാതെ കേസെടുക്കണമെന്നാണ് സുപ്രിംകോടതി വിധി. ഈ വിധിയുടെ ലംഘനമാണ് ഡി.ജി.പി ഇറക്കിയ ഉത്തരവെന്ന് വിമര്‍ശനമുയര്‍ന്നു.
ചാനലുകളില്‍ വാര്‍ത്തയാകുകയും ചെയ്തു. ഇതിനു പിന്നാലെ വിശദീകരണവുമായി പൊലിസ് രംഗത്തെത്തി. ക്ലറിക്കല്‍ പിഴവ് സംഭവിച്ചതാണെന്നും പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും പൊലിസ് ആസ്ഥാനത്തുനിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."