വയനാട്ടില്‍ 2.39 കോടിയുമായി മൂന്നു പേര് പിടിയില്‍
മുത്തങ്ങ (വയനാട്): സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 2.39 കോടിയോളം രൂപയുമായി മൂന്നു ആന്ധ്രാപ്രദേശ് സ്വദേശികളാണ് പിടിയിലായത്.
ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള ആഡംബര ബസിലെ യാത്രയ്ക്കിടെയാണ് ഇവര്‍ മുത്തങ്ങയില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാവിലെ എട്ടോടെയാണ് മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ഇവര്‍ പിടിയിലായത്. മൂന്ന് ബാഗുകളിലാക്കി സൂക്ഷിച്ച രണ്ട് കോടി 39 ലക്ഷത്തി അന്പത്തിഴോയിരത്തി അഞ്ഞൂറ് രൂപയാണ് കണ്ടെടുത്തത്. ആന്ധ്രപ്രദേശ്് ഗുണ്ടൂര്‍ സ്വദേശി ഉമാമഹേശ്വര്‍ റാവു(37), തെലുങ്കാന മിരിയില്ഗുഢ സ്വദേശികളായ ശ്രാവണ്‍(35), ഗണേശ്(22) എന്നിവരാണ് എക്സൈസ് വിഭാഗത്തിന്റെ പിടിയിലായത്.
ആന്ധ്രയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പഴയ സ്വര്‍ണം വാങ്ങാനായി പണവുമായി പോകുകയായിരുന്നുവെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ എക്സൈസിന് മൊഴി നല്‍കിയത്. പണവും പ്രതികളെയും കോഴിക്കോട് നിന്നും എത്തിയ ഇന്കംടാക്സിന് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര് ലാലു, പ്രിവന്റിവ് എക്സൈസ് ഓഫിസര്‍മാരായ കെ.കെ ബാബു, കെ.കെ അബ്ദുല്‍ അസീസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മന്‍സൂര്‍ അലി, പി.കെ ചന്തു എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പ്പണം പിടികൂടിയത്.
പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരോട് സംഘം ആദ്യം പറഞ്ഞത് മൂന്നു പേരുടെ കൈവശമുള്ള ബാഗുകളില്‍ 30 ലക്ഷം രൂപ വീതമുണ്ടെന്നാണ്. എന്നാല്‍ കോഴിക്കോടു നിന്നും ഇന്‍കംടാക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍മാത്യു വര്‍ക്കി, ഇന്‍സ്പെക്ടര്‍മാരായ ഒ.ജെ മൈക്കിള്‍, ശശിധരന് എന്നിവരുടെ നേതൃത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തപ്പോഴാണ് തുക രണ്ട് കോടി 39 ലക്ഷത്തി അന്‍പത്തിയേഴായിരത്തി അഞ്ഞൂറ് രൂപയുണ്ടെന്ന് കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പ് ഇവിടെ 3.22 കോടി രൂപയും കള്ളത്തോക്കുമായി മൂന്നു കൊടുവള്ളി സ്വദേശികള്‍ ബത്തേരി പൊലിസിന്റെ പിടിയിലായിരുന്നു. ഇതോടെ രണ്ടു ദിവസത്തിനകം മുത്തങ്ങയില്‍ 5.62 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."