ദാമോദരന്‍ പിന്മാറിയതു നന്നായി
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍മുതല്‍ സര്‍ക്കാരിനെ വിടാതെ പിന്തുടര്‍ന്ന രണ്ടു വിവാദങ്ങളാണ് മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചതും നിയമസഭാതീരുമാനങ്ങള്‍ വിവരാവകാശനിയമപ്രകാരം നല്‍കാനാവില്ലെന്ന കടുംപിടുത്തവും. രണ്ടു തീരുമാനങ്ങള്‍ക്കുമെതിരേ വ്യാപകമായ പ്രതിഷേധമാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
എന്നിട്ടും തീരുമാനങ്ങള്‍ പുന:പരിശോധിക്കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയാറായില്ല. ഈ അവസരത്തിലാണു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എം.കെ ദാമോദരന്റെ നിയമനം സംബന്ധിച്ചു ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. അഡ്വക്കറ്റ് ജനറലുള്ളപ്പോള്‍ ഭരണഘടനാപദവിയില്ലാത്ത ഒരാള്‍ക്കു മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമനം നല്‍കുന്നതിലെ ഔചിത്യം ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി.
ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ രണ്ടാമത്തെ പ്രമുഖകക്ഷിയായ സി.പി.ഐയും ദാമോദരന്റെ നിയമനത്തിനെതിരേ എതിര്‍പ്പുമായി രംഗത്തുവന്നു. ഏകോപനസമിതിയില്‍ അവരുടെ എതിര്‍പ്പ് അറിയിക്കാനിരിക്കേയാണ് എം.കെ ദാമോദരന്റെ പിന്മാറ്റം. സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫാണ് ഈ പ്രശ്‌നത്തില്‍ ആദ്യമായി പരസ്യപ്രതിഷേധവുമായെത്തിയത്. സി.പി.എമ്മില്‍ത്തന്നെ ഒരുവിഭാഗത്തിനുള്ള എതിര്‍പ്പ് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവര്‍ പ്രകടിപ്പിച്ചതായാണ് അറിവ്. മറ്റുഘടക കക്ഷികള്‍ക്കും എം.കെ ദാമോദരന്റെ നിയമനത്തില്‍ കടുത്ത എതിര്‍പ്പുതന്നെയായിരുന്നു ഉണ്ടായിരുന്നത്. ആരും പരസ്യമായി രംഗത്തുവരാതിരുന്നത് മുഖ്യമന്ത്രി തന്റെ തീരുമാനത്തില്‍ പാറപോലെ ഉറച്ചുനിന്നതിനാലാണ്.
അഡ്വ. എം.കെ ദാമോദരന്‍ പദവിയൊഴിഞ്ഞുപോയില്ലായിരുന്നെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ കലുഷിതമാകുമായിരുന്നു. സര്‍ക്കാര്‍ വാദിയായ കേസുകളില്‍ എതിര്‍കക്ഷികള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരാവുന്നത് പ്രതികളെ സഹായിക്കാനാണ് എന്ന ആരോപണത്തിന് ഇതു വഴിവയ്ക്കുമായിരുന്നു. ഈ സാഹചര്യം തിരിച്ചറിഞ്ഞതിനാലും കുമ്മനം രാജശേഖരന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലുമാണ് അഡ്വ. എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവു സ്ഥാനത്തേയ്ക്കില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നിയമോപദേഷ്ടാവാക്കിയ ഉത്തരവു ദാമോദരന്‍ കൈപറ്റാത്ത സ്ഥിതിക്ക് അദ്ദേഹത്തിന്റെ രാജിക്ക് പ്രസക്തിയില്ലെന്നാണു സര്‍ക്കാരിന്റെ ഭാഷ്യം.
ഭരണഘടനാപദവിയുള്ള അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും ഇതരപബ്ലിക് പ്രോസിക്യൂട്ടര്‍മാരും സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കു മാത്രമായി ഒരു നിയമോപദേശകനെ ആവശ്യമുണ്ടോയെന്നാണു നിയമവൃത്തങ്ങളില്‍ ഉയര്‍ന്നുവന്ന ചോദ്യം. വ്യക്തിപരമായി മുഖ്യമന്ത്രിക്കും ഇതരമന്ത്രിമാര്‍ക്കും ഉപദേശകര്‍ ആവാം. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും കൈപറ്റാതിരുന്നാല്‍ അതില്‍ അപാകതയുമില്ല.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എം.കെ ദാമോദരന്റെ പിന്മാറ്റം അറിയിച്ചിട്ടുണ്ടെങ്കിലും കോടതി കുമ്മനം രാജശേഖരന്റെ കേസ് തീര്‍പ്പാക്കാതെ വിശദമായ വാദം കേള്‍ക്കലിനു വ്യാഴാഴ്ചത്തേയ്ക്കു മാറ്റിയിരിക്കുകയാണ്. ഇതുസംബന്ധിച്ചു വ്യക്തമായ തീരുമാനവും കാഴ്ചപ്പാടും അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം കോടതി ഈ തീരുമാനത്തിലെത്തിച്ചേര്‍ന്നത്.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി എം.കെ ദാമോദരന്‍ ആനുകൂല്യങ്ങള്‍ കൈപറ്റുന്നില്ലെന്നതല്ല മുഖ്യപ്രശ്‌നം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കോടെ നിയമിതനാകുന്നയാള്‍ക്ക് അതിന്റെ ആവശ്യവും ഉണ്ടാകണമെന്നില്ല. നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സര്‍ക്കാര്‍ വാഹനം, വസതി, ഓഫിസ്, ജീവനക്കാര്‍ യാത്രാബത്ത ഇതെല്ലാം വ്യവസ്ഥ ചെയ്യുന്ന പ്രസിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിതന്നെ ധാരാളമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയിലുള്ള ഒരാള്‍ക്ക് സര്‍ക്കാരിന്റെ ഏതുഫയലും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള അധികാരമുണ്ട്.
സര്‍ക്കാരിനെ വഞ്ചിച്ചതിനെത്തുടര്‍ന്നു സ്വത്തു കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനമെടുത്ത സാന്റിയാഗോ മാര്‍ട്ടിനെ സംബന്ധിച്ച സര്‍ക്കാര്‍ ഫയലുകള്‍, കോടതിയില്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരാകുന്ന എം.കെ ദാമോദരന്‍ വിളിച്ചു വരുത്തി പരിശോധിച്ചാല്‍ പിന്നെന്തു ധാര്‍മികതയാണ്, നൈതികതയാണ് ഈ സര്‍ക്കാരിന് അവകാശപ്പെടാനുണ്ടാവുക.
പരിസ്ഥിതി തകര്‍ക്കുന്ന ക്വാറി ഉടമകള്‍ക്കുവേണ്ടിയും അഴിമതിയാരോപണവിധേയനായ കശുവണ്ടിവികസന കോര്‍പറേഷന്‍ മുന്‍ചെയര്‍മാനും ഐ.എന്‍.ടി.യു.സി പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരനുവേണ്ടിയും ഹാജരാകുന്നതു മുഖ്യമന്ത്രിയുടെ ഉപദേശകനായ എം.കെ ദാമോദരനാണെന്നു വരുന്നത് വിരോധാഭാസമാണ്. ഒരു വക്കീല്‍ തന്റെ കക്ഷിക്കുവേണ്ടി ജോലിചെയ്യുമ്പോള്‍ എതിര്‍കക്ഷി ആരെന്നു നോക്കേണ്ട കാര്യമില്ലെന്ന എം.കെ ദാമോദരന്‍ നിരത്തുന്ന യുക്തി ധാര്‍മികതക്കു ചേര്‍ന്നതല്ല. പൊതുസമൂഹത്തിനുമുന്നില്‍ അത് അപരാധംതന്നെയാണ്.
എം.കെ ദാമോദരന്റെയും സര്‍ക്കാരിന്റെയും ആത്മാര്‍ഥതയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാകുമായിരുന്നു ഇവിടെ ചോദ്യം ചെയ്യപ്പെടുക. മാത്രമല്ല, സര്‍ക്കാരിനെ സംബന്ധിച്ച പ്രധാനമായ കേസുകളില്‍ അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും പരസ്പരവിരുദ്ധമായ നിലപാടുകളാണു സ്വീകരിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ എന്തുനിലപാടു സ്വീകരിക്കുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു സര്‍ക്കാരിന് ഉത്തരമില്ല. ഇത്തരം നിയമപ്രശ്‌നങ്ങള്‍ ഇതില്‍ ഉരുണ്ടുകൂടിയതിനാലാണു കുമ്മനം രാജശേഖരന്റെ ഹരജിയില്‍ വ്യാഴാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നത്.
അഡ്വ. എം.കെ ദാമോദരന്‍ പദവിയില്‍നിന്ന് ഒഴിവായാലും ഇതുസംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നത് ഏറെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ എന്തുനിലപാട് സ്വീകരിക്കേണ്ടിവരുമെന്നതിനാലാണ്. കുമ്മനം രാജശേഖരന്‍ എതിര്‍കക്ഷികളായി ചേര്‍ത്ത പ്രമുഖരുടെയും വിവിധരാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായരൂപീകരണം ഉത്തരംനല്‍കാനായി വ്യക്തത വരുത്തേണ്ടതുണ്ട്. സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കിയ എം.കെ ദാമോദരന്റെ നിയമനം നിയമവൃത്തങ്ങളില്‍ സംവാദത്തിനും തീരുമാനത്തിനും വഴിവയ്ക്കുന്നുവെന്നതു നല്ലകാര്യം. സര്‍ക്കാരിനു വലിയൊരു ഏടാകൂടത്തില്‍നിന്നു തലയൂരാനും ഇതു സഹായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."