കെ.എസ്.ഡി.പിയിലെ പിരിച്ചുവിടല്‍; എ.ഐ.ടി.യു.സി പ്രക്ഷോഭത്തിന്
കലവൂര്‍: കെ.എസ്.ഡി.പിയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നാളെ മുതല്‍ എ.ഐ.ടി.യു.സി റിലേ സത്യഗ്രഹം ആരംഭിക്കും.
മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കാനും എ.ഐ.ടി.യു.സി നീക്കം. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന് കെ.എസ്.ഡി.പിയിലെത്തുമെന്നിരിക്കെയാണ് എ.ഐ.ടി.യു.സി മാരാരിക്കുളം മണ്ഡലം കമ്മിറ്റി പ്രക്ഷോഭവുമായി രംഗത്ത് എത്തിയിട്ടുള്ളത്.
നാളെ രാവിലെ 10ന് കമ്പനിക്ക് മുന്നില്‍ ആരംഭിക്കുന്ന റിലേ സത്യഗ്രഹം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം എ. ശിവരാജന്, ജി. കൃഷ്ണപ്രസാദ് പി.വി സത്യനേശന്, ഡി.പി മധു തുടങ്ങിയവര്‍ പങ്കെടുക്കും. എ.ഐ.ടി.യു.സി തൊഴിലാളികളോടുളള വിവേചനം ഉപേക്ഷിക്കുക, മാനേജുമെന്റ് നീതിപാലിക്കുക എന്നീ മുദ്രാവാക്യങ്ങളുയത്തിയാണ് പ്രക്ഷോഭമെങ്കിലും സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സി.പി.എം - സി.പി.ഐ തര്‍ക്കത്തിന്റെ ഭാഗമാണ് ഈ സമരമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞദിവസം മണ്ഡലത്തില്‍ പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി യൂണിയന് നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ നേതൃത്വം തീരുമാനിച്ചത്.
ഇതേ തുടര്‍ന്ന് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കാനും നീക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."