വൈദ്യുതത്തൂണില്‍ കാമറ: പരിഭ്രാന്തി പരത്തി
കൂത്തുപറമ്പ്: വൈദ്യുത തൂണില്‍ കാമറ സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. പൊലിസ് അന്വേഷണത്തില്‍ ഇതു റോഡ് വികസനവുമായി ബന്ധപ്പെട്ട ഏജന്‍സി സ്ഥാപിച്ചതാണെന്നു വ്യക്തമായതോടെ ഇതേ തുടര്‍ന്നുള്ള ദുരൂഹതയും നീങ്ങി. കരേറ്റ പതിമൂന്നാംമൈലില്‍ റോഡരികിലെ വൈദ്യുത തൂണിലാണ് വെള്ളിയാഴ്ച രാത്രി കാമറ സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു കൂത്തുപറമ്പ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലിസെത്തി കാമറ സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ഇന്നലെ ഉച്ചയോടെ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആന്ധ്രപ്രദേശിലെ സ്വകാര്യ കണ്‍സല്‍ട്ടിങ് ഏജന്‍സിയാണ് ഈ കാമറ സ്ഥാപിച്ചതെന്നു വ്യക്തമായത്. റോഡ് വികസനം സംബന്ധിച്ച് നിലവില്‍ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം മനസിലാക്കാനാണു കാമറ സ്ഥാപിച്ചത്. എന്നാല്‍ കാമറ സ്ഥാപിക്കുന്നതു സംബന്ധിച്ച് പൊലിസിനു മുന്‍കൂട്ടി വിവരവും ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത നാളുകളില്‍ കാമറ സ്ഥാപിച്ചതായി കണ്ടെത്തിയതാണ് ദുരൂഹത ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."