ജോസ് പക്ഷം വിപ്പ് അംഗീകരിക്കേണ്ടിവരുമെന്ന് ജോസഫ് വിഭാഗം
സ്വന്തം ലേഖകന്‍
കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലും വിപ്പ് ലംഘിച്ചാല്‍ ജോസ് കെ. മാണി പക്ഷ എം.എല്‍.എമാരെ നിയമകുരുക്കിലാക്കാന്‍ ജോസഫ് വിഭാഗം നീക്കം തുടങ്ങി.
നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാനും രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കാനും തീരുമാനിച്ച ജോസ് പക്ഷം വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണെന്നു നിലപാട് വ്യക്തമാക്കിയതോടെയാണ് ജോസഫ് വിഭാഗം എതിര് നീക്കം തുടങ്ങിയത്.
കേരള കോണ്‍ഗ്രസിന്റെ (എം) അഞ്ച് എം.എല്‍.എമാരും ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും വിപ്പുമായ മോന്‍സ് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) നിയമസഭയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ അഞ്ച് എം.എല്‍.എമാരും ബാധ്യസ്ഥരാണ്. രാജ്യസഭ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനും സ്പീക്കര്‍ക്കും എതിരായ അവിശ്വാസപ്രമേയത്തിലും യു.ഡി.എഫ് നിലപാടിന് ഒപ്പമാണ് കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ നില്ക്കുക. വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കുമെന്നാണ് ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുള്ളത്. റോഷി അഗസ്റ്റിന് നല്കുന്ന വിപ്പ് കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എമാര്‍ക്ക് ബാധകമാണെന്നും ജോസ് പക്ഷം വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."