കുവൈത്തില്‍ നിന്ന് കെ.എം.സി.സി വോട്ടുവിമാനമെത്തി
മട്ടന്നൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി കുവൈത്തില്‍ നിന്നു വോട്ട് വിമാനമെത്തി. ഇന്‍ഡിഗോ വിമാനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷറഫുദീന്‍ കണ്ണേത്തിന്റെ നേതൃത്വത്തില്‍ നൂറോളം കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് ഇന്നലെ വൈകിട്ട് മൂന്നോടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ യു.ഡി.എഫ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി.
മലബാര്‍ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടവരാണ് വോട്ട് വിമാനത്തില്‍ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി ആദ്യമായാണു വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
എം.ആര്‍ നാസര്‍, ഹാരിസ് വള്ളിയോത്ത്, ഫാസില്‍ കൊല്ലം, ഹക്കീം, ഷാനവാസ് കാപ്പാട് തുടങ്ങിയവര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. വോട്ട് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് രാവിലെ കുവൈത്ത് വിമാനത്താവളത്തില്‍ നല്‍കിയ യാത്രയയപ്പില്‍ മുന്‍ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി അബ്ദുറഹ്മാന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി എം.കെ. അബ്ദുല്‍റസാഖ്, കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍, സെക്രട്ടറി ടി.ടി ഷംസു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്കു പ്രവര്‍ത്തകര്‍ എത്തുമെന്നു കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."