കരിപ്പൂര്‍ വിമാനാപകടം പ്രത്യേക സംഘം അന്വേഷണം തുടങ്ങി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ക്യാപ്റ്റന്‍ എസ്.എസ് ചാഹറിന്റെ നേതൃത്വത്തില്‍ എ.എ.ഐ.ബി ഡെപ്യൂട്ടി ഡയരക്ടര്‍ ജസ്ബീര്‍ സിങ്, ഓപറേഷന്‍ വിദഗ്ധന്‍ വേദ്പ്രകാശ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയര്‍ മുകുള്‍ ഭരദ്വാജ്, ഏവിയേഷന്‍ മെഡിസിന്‍ വിദഗ്ധന്‍ വൈ.എസ് ദഹിയ എന്നിവരടങ്ങിയ സംഘമാണ് കരിപ്പൂരില്‍ അന്വേഷണം നടത്തുന്നത്.
അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡ് ചെയ്ത സ്ഥലം, റണ്‍വേയുടെ റിസയുടെ ഭാഗം തുടങ്ങിയവ ഇന്നലെ സംഘം പരിശോധിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും. അപകടം നടന്ന സ്ഥലത്തുനിന്ന് ഡി.ജി.സി.എ ഏജന്‍സികള്‍ ശേഖരിച്ച തെളിവുകളും ഇവര്‍ പരിശോധിക്കുന്നുണ്ട്.സംഘം അഞ്ചുമാസത്തിനകം വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എ.എ.ഐ.ബിയുടെ രൂപീകരണത്തിന് ശേഷം നടക്കുന്ന ആദ്യ വിമാന അപകട അന്വേഷണമാണ് കരിപ്പൂരിലേത്.
കോര്‍ട്ട് എന്‍ക്വയറിയാണ് വിമാന അപകടങ്ങളില്‍ സാധാരണ നടക്കാറുള്ളത്. ഇതിന്റെ ഭാഗമായി പരസ്യമായ തെളിവെടുപ്പും സിറ്റിങ്ങും മൊഴിയെടുക്കലും നടക്കും. പത്തുദിവസത്തിനകം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. എന്നാല്‍, നിലവില്‍ അന്വേഷണം നടത്തുന്ന സംഘം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കില്ല.
വിമാനത്തിന്റെ ബ്ലാക് ബോക്‌സുകളിലൊന്നായ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറിലുള്ള വിവരങ്ങളും പരസ്യമാക്കില്ല. അമേരിക്കയിലെ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ (എന്‍.ടി.എസ്.ബി) മാതൃകയില്‍ വിമാന അപകടങ്ങളെക്കുറിച്ച് അന്വേഷണം നടത്താനാണ് കേന്ദ്രം എ.എ.ഐ.ബി രൂപീകരിച്ചത്.
രാജ്യാന്തര വ്യോമഗതാഗത സംഘടനയായ ഇക്കാവോയുടെ നിബന്ധനകള്‍ പാലിച്ച് എട്ടുകൊല്ലം മുന്‍പാണ് ബ്യൂറോ രൂപീകരിച്ചത്. 2010ലെ മംഗളൂരു അപകടം ഉള്‍പ്പെടെ രാജ്യത്തെ ഇതുവരെയുള്ള വിമാനാപകടങ്ങളെല്ലാം അന്വേഷിച്ചിരുന്നത് ഇതിനായി മാത്രം രൂപീകരിച്ചിരുന്ന കോര്‍ട്ട് ഓഫ് എന്‍ക്വയറി സമിതികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."