ദിവസവേതനക്കാരില്ല അണ്‍ ഇക്കണോമിക് സ്‌കൂളുകളിലെ ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍
കോഴിക്കോട്: വേണ്ടത്ര അധ്യാപകരില്ലാത്തതിനാല്‍ അണ്‍ ഇക്കണോമിക് സ്‌കൂളുകളിലെ ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍.
ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപകരെ വെച്ചാണ് ഇത്തരം സ്‌കൂളുകളില്‍ അധ്യയനം സാധ്യമാക്കിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ ഇത്തവണ താല്‍ക്കാലികാധ്യാപകരെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിലൂടെ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടെങ്കിലും പലയിടത്തും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങിയിരിക്കുകയാണ്.
സ്‌കൂളുകള്‍ തുറക്കുന്നത് നീളുമ്പോള്‍ ഇത്തരം വിദ്യാലയങ്ങളിലെ കുട്ടികളുടെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്.
മിക്ക സ്‌കൂളുകളിലും പ്രധാനാധ്യാപകന്‍ ഒഴികെയുള്ള അധ്യാപകരെല്ലാം ദിവസവേതനാടിസ്ഥാനത്തിലുള്ളവരായിരിക്കും. പ്രധാനാധ്യാപകരുടെ അഭ്യര്‍ഥന മാനിച്ച് കഴിഞ്ഞ വര്‍ഷം താല്‍ക്കാലികാധ്യാപകരായിരുന്ന പലരും ഇപ്പോള്‍ ചില സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നുണ്ട്.
എന്നാല്‍ ഇത്തവണ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുമോ ഇവര്‍ക്ക് തന്നെ നിയമനം ലഭിക്കുമോയെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.
ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിന് പുറമെ പി.ടി.എ മീറ്റിങുകള്‍ സംഘടിപ്പിക്കേണ്ടതും ക്ലാസ് അധ്യാപകരാണ്.
ഒരു പ്രതിഫലവും ലഭിക്കാതെ പലരും ഇതൊക്കെ ചെയ്തു വരികയാണ്. എന്നാല്‍ ഓഗസ്റ്റ് മാസം പകുതികഴിഞ്ഞിട്ടും ദിവസവേതനാധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടില്ലെന്നാണ് അധ്യാപകരെയും ആശങ്കപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."