പെട്ടിമുടിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി മരണം 61
സ്വന്തം ലേഖകന്‍
തൊടുപുഴ: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി ഉയര്‍ന്നു.
ദുരന്തത്തില്‍ അകപ്പെട്ട ഒന്‍പത് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിയില്‍ തെരച്ചില്‍ തുടരുന്നു. അശ്വന്ത് രാജ് (ആറ്), അനന്ത ശെല്‍വം (57) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അപകടം നടന്ന് പന്ത്രണ്ടാം ദിവസമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിയാനുണ്ട്. തണുപ്പുള്ള കാലാവസ്ഥ ആയതിനാല്‍ മൃതദേഹം അഴുകി തുടങ്ങിയിട്ടേ ഉള്ളൂവെന്നും തിരിച്ചറിയാനാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ദുരന്തഭൂമിയില്‍ നിന്ന് വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നലെയും തെരച്ചില്‍ നടന്നത്.
ഇവിടെ മണ്ണില്‍ നിന്നാണ് ആദ്യ രണ്ട് മൃതദേഹങ്ങള്‍ കിട്ടിയത്. പുഴയോരത്തും സമീപ പ്രദേശങ്ങളിലും നടത്തിയ തെരച്ചിലില്‍ സിമന്റ് പാലത്തിനും ഏറെ താഴെ നിന്നാണ് മൂന്നാമത്തെ മൃതദേഹം ലഭിച്ചത്.
മണ്ണിനടിയില്‍ മനുഷ്യശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനത്തിന്റെ സഹായം തെരച്ചിലിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ചെന്നൈയില്‍ നിന്നുള്ള നാല് അംഗ സംഘം ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് ഉപയോഗിക്കുന്നത്. ഇന്ന് തീവ്രത കൂടിയ റഡാര്‍ എത്തിക്കുന്നുണ്ട്. ഇടവിട്ട് മഴ പെയ്യുന്നതാണ് പ്രശ്‌നം.
സംഘം നടത്തുന്ന പരിശോധനയില്‍ സംശയമുള്ള സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യും. പിന്നീട് ഇവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിക്കും.
ഡൗസിങ് റോഡ് ഉപയോഗിച്ചുള്ള പരിശോധനയും ഇതോടൊപ്പം ഇന്ന് നടക്കും. ഇതിനുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് നിലവിലെ തീരുമാനം.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, പൊലിസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ തുടരുന്നത്. തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ദേവികുളം സബ്കലക്ടര്‍ എസ്.പ്രേംകൃഷ്ണ, അസിസ്റ്റന്റ് കലക്ടര്‍ സൂരജ് ഷാജി, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവരും സ്ഥലത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."