ചാരുംമൂട് ആദ്യത്തെ മാതൃകാ ജങ്ഷനായി; 24 മണിക്കൂറും കാമറാ നിരീക്ഷണത്തില്‍
ചാരുംമൂട്: ചെങ്ങന്നൂര്‍ റവന്യു ഡിവിഷനിലെ ആദ്യത്തെ മാതൃകാ ജങ്ഷനായി ചാരുംമൂടിനെ പ്രഖ്യാപിച്ചു. ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് മേധാവികളുടേയും നേതൃത്വത്തില്‍ നടന്ന ട്രാഫിക് ക്രമീകരണ സമിതിയാണ് ചാരുംമൂടിനെ മാതൃക ജങ്ഷനായി തെരഞ്ഞെടുത്തത്. മാതൃക ജങ്ഷന്‍ ആയതോടെ ചാരുംമൂട് 24 മണിക്കൂറും കാമറാ നിരീക്ഷണത്തിലായി. ഇതോടൊപ്പം ജങ്ഷനിലെ കെ.പി റോഡിലും കൊല്ലം-തേനി ദേശീയപാതയിലും നൂറു മീറ്റര്‍ വീതം നാലു വശങ്ങളിലും വാഹന പാര്‍ക്കിംഗ് നിരോധിച്ചുകൊണ്ടുളള ബോര്‍ഡുകളും സ്ഥാപിച്ചു.
റോഡിന്റെ നാലു വശങ്ങളിലും സീബ്രാലൈനുകളും കാല്‍നടയാത്രികര്‍ക്കുളള ലൈനുകളും അടയാളപ്പെടുത്തി. രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ സേവനം ജങ്ഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ അതാതു ദിവസം തന്നെ നിയമ നടപടികള്‍ സ്വീകരിക്കും. അനധികൃത പാര്‍ക്കിങ് ചെയ്യുന്ന വാഹനങ്ങളില്‍ പൊലിസ് സ്റ്റിക്കര്‍ പതിക്കും.
സിഗ്‌നലിനു സമീപം ബസുകളില്‍ നിന്ന് യാത്രക്കാരെ ഇറക്കുന്നത് കര്‍ശനമായി നിരോധിച്ചു. ജങ്ഷനിലെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നാലു ക്യാമറകള്‍ കൂടി ഉടന്‍ സ്ഥാപിക്കും. ജങ്ഷന്റെ നാലു വശങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഫ്‌ളക്ല് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു. ജങ്ഷനിലെ ശുചിത്വ പരിപാലനത്തിനു വേണ്ടി വ്യാപാരി വ്യവസായികളുടേയും ജങ്ഷന്‍ അതിര്‍ത്തി പങ്കിടുന്ന മൂന്നു പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും എം.എല്‍.എയുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടുവാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കാമറകളുടെ സ്വിച്ച് ഓണ്‍ ആര്‍ രാജേഷ് എം.എല്‍.എ നിര്‍വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അധ്യക്ഷയായി. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് ശാന്താഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ബി.വിശ്വന്‍സ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമലന്‍, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ശിവസുതന്‍ പിളള, നൂറനാട് എസ്.ഐ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."