ആവേശം വാനോളം; കൊട്ടിക്കലാശം ഇന്ന്
കൊച്ചി: തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പ്രവര്‍ത്തകരില്‍ ആവേശം വാനോളം ഉയര്‍ത്തി ഇന്ന് കൊട്ടിക്കലാശം. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ തെരഞ്ഞടുപ്പ് പരസ്യപ്രചാരണങ്ങളുടെ സമാപനത്തിന്റെ ഭാഗമായുള്ള കൊട്ടി കലാശം ഇന്ന് നടക്കും.
എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങളുടെ കേന്ദ്രങ്ങളില്‍ വൈകിട്ടോടെ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ കലാശക്കൊട്ട് നടക്കും. എറണാകുളം മണ്ഡലത്തിലെ കലാശക്കൊട്ട് കലൂര്‍ യു.ഡി എഫ് തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഓഫീസില്‍ നിന്നും വൈകീട്ട് നാലോടെ ആരംഭിച്ച് എറണാകുളം ടൗണ്‍ ഹാളിലെത്തി വൈകിട്ട് ആറിന് സമാപിക്കും. ഹൈബി ഈഡന്റെ അവസാനഘട്ട പ്രചാരണത്തിന് ആവേശം പകരാനും വോട്ട് ചെയ്യുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഹൈബിയുടെ സുഹൃത്തുക്കളും മുന്‍കാല എന്‍.എസ്.യു നേതാക്കളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊച്ചിയിലെത്തും.
എന്‍.എസ്.യുവിന്റെ മുന്‍ ദേശീയ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഹൈബി ഈഡനൊപ്പം പ്രവര്‍ത്തിച്ചിരുന്ന സഹപ്രവര്‍ത്തകരും, സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ഒരുമിച്ചു പഠിച്ച സുഹൃത്തുക്കളുമാണ് കൊച്ചിയില്‍ എത്തിയത്. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുമുള്ള മുന്‍കാല എന്‍.എസ്.യു നേതാക്കളാണ് ഹൈബിക്കായി വേറിട്ട പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
ഗുജറാത്ത് സ്വദേശിയും എന്‍.എസ്.യുവിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഷാനവാസ് ഷെയ്ഖ്, മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തില്‍ പ്രചാരണതിന് നേതൃത്വം നല്‍കി. രാജസ്ഥാന്‍ സ്വദേശിയും എന്‍.എസ്.യു മുന്‍ വൈസ് പ്രെസിഡന്റുമായ ഭരത് കുമാര്‍ ടിഡി റോഡില്‍ രാജസ്ഥാനി സ്വദേശികള്‍ താമസിക്കുന്ന പ്രദേശത്തു പ്രചാരണ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചു. ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പരാഗ് ശര്‍മ പ്രത്യേക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഹൈബി ഈഡന്‍ എന്‍.എസ്.യു പ്രസിഡന്റ് ആയിരിക്കെ അദ്ദേഹതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുണക്കേണ്ടത് എന്‍.എസ്.യു ടീമിന്റെ ഉത്തരവാദിത്വമാണെന്ന് പരാഗ് ശര്‍മ പറഞ്ഞു. ഇതുകൂടാതെ, ടോക് എച്ച് പബ്ലിക് സ്‌കൂളിലെ ഹൈബിയുടെ പഴയ സഹപാഠികള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അവരുടെ പഴയ കൂട്ടുകാരന് വേണ്ടി പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്. അതേ സമയം ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണം ഇന്ന് മണ്ഡലങ്ങള്‍ തോറും പി. രാജീവ് റോഡ് ഷോ നടത്തി പാലാരിവട്ടത്ത് സമാപിക്കും.
രാവിലെ എട്ടിന് പൂത്തോട്ടയില്‍ ആരംഭിക്കുന്ന റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന സ്ഥാനാര്‍ഥിയെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ അനുഗമിക്കും. തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, എറണാകുളം മണ്ഡങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയില്‍ ഇടതുമുന്നണിയുടെ ഘടകകക്ഷി നേതാക്കളെല്ലാം അണിനിരക്കും. വൈകിട്ട് പാലാരിവട്ടം ജംഗ്ഷനില്‍ റോഡ്‌ഷോ എത്തുമ്പോള്‍ ആഘോഷത്തിമര്‍പ്പോടെ കലാശക്കൊട്ട് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."