ആം ആദ്മി പാര്‍ട്ടിയില്‍ കലാപം; എം.എല്‍.എ രാജിവച്ചു
ന്യൂ ഡല്‍ഹി: ആംആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസിനെതിരേ അട്ടിമറി ആരോപണം ഉന്നയിച്ച അമാനത്തുള്ള ഖാനെതിരേ അച്ചടക്ക നടപടി. ആംആദ്മി പാര്‍ട്ടി പിടിച്ചെടുക്കാന്‍ കുമാര്‍ ബിശ്വാസ് ശ്രമം നടത്തുന്നുവെന്നാരോപിച്ച് അമാനത്തുള്ള പാര്‍ട്ടിയുടെ രാഷട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു. ഖാനെതിരേ രാഷ്ട്രീയകാര്യ സമിതിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് അച്ചടക്ക നടപടി. നടപടിയെടുക്കണമെന്ന് അടിയന്തരമായി ചേര്‍ന്ന പാനല്‍ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി.
ഡല്‍ഹിയിലെയും പഞ്ചാബിലെയും 35ലധികം ആംആദ്മി സാമാജികര്‍ കെജ്രിവാളിന് നടപടി ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുമാര്‍ ബിശ്വാസ് ബി.ജെ.പിയില്‍ ചേരുമെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാജിക്ക് ശേഷം അമാനത്തുള്ള വ്യക്തമാക്കി.
ആംആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അമാനത്തുള്ള ഖാന് പരസ്യമായി ബിശ്വാസ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചതോടെ പാര്‍ട്ടിയില്‍ കടുത്ത ആശങ്കക്കാണ് വഴിവച്ചത്. കുമാര്‍ ബിശ്വാസ് പാര്‍ട്ടി അധ്യക്ഷന്റെ പദവിക്കായി ഗൂഢാലോചന നടത്തുകയാണ്. ഇതിന് സാധിക്കാതെ വന്നാല്‍ വലിയൊരു വിഭാഗം എം.എല്‍.എമാരെയും പ്രവര്‍ത്തകരെയും കൊണ്ട് ബി.ജെ.പിയില്‍ ചേക്കേറാനാണ് ശ്രമിക്കുന്നതെന്ന് അമാനത്തുള്ള ഖാന് ആരോപിച്ചിരുന്നു. ഒപ്പം ചെല്ലുന്നവര്‍ക്ക് 30 കോടിയാണ് ബിശ്വാസ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ആംആദ്മി സ്ഥാപകാംഗങ്ങളില്‍ ഒരാളായ ഖാന് ആംആദ്മിക്കുള്ളിലെ നീക്കങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതോടെ കുമാര്‍ ബിശ്വാസ് പാര്‍ട്ടി വിടുമോയെന്ന കാര്യത്തെക്കുറിച്ച് വലിയ ചര്‍ച്ചക്കാണ് വഴിവച്ചിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം തള്ളി ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് രംഗത്തുവന്നു. ചില ആളുകള്‍ തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അത്തരക്കാര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്. അവര്‍ ഈ ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടതാണെന്ന് കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."