ഗൗതമിന് 'വാത്സല്യ'മായി സന്ധ്യ ജീവിതത്തിലേക്ക്
കൊച്ചി: എട്ടു മാസം പ്രായമായ ഗൗതമിന് 'വാത്സല്യ'വുമായി സന്ധ്യ ജീവിതത്തിലേക്ക്. തന്റെ കുഞ്ഞിനെ സന്ധ്യക്കിന് ഇനി 'ഹൃദയ'ത്തോട് ചേര്‍ത്തുവെക്കാം. വിധിയുടെ കനിവില്‍ ആ കുഞ്ഞുമനസിന് അമ്മയുടെ താരാട്ടുപാട്ടുകേട്ടുറങ്ങാം.
ഇന്നലെ കൊച്ചി ലിസി ഹോസ്പിറ്റലലില്‍ നടന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിച്ചതോടെ സന്ധ്യക്കൊപ്പം ഗൗതമും ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് പുളിയത്ത് ഹൗസില്‍ പി.എം പ്രമോദിന്റെ ഭാര്യയാണ് സന്ധ്യ. രണ്ടു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ സന്ധ്യയ്ക്ക് പ്രസവത്തോടനുബന്ധിച്ച് വരുന്ന 'പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി' എന്ന അപൂര്‍വരോഗം ബാധിക്കുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറിലാണ് സന്ധ്യ ഗൗതമിന് ജന്മം നല്‍കിയത്.
ഫെബ്രുവരിയില്‍ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ജൂബിലി മിഷന്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ഹൃദയം മാറ്റിവയ്ക്കണമെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പാണ് സന്ധ്യയെ ലിസി ആശുപത്രിയിലെത്തിച്ചത്.
തുടര്‍ന്ന് അത്യാഹിത വിഭാഗക്കാര്‍ക്കുവേണ്ടിയുള്ള മൃതസജ്ഞീവനിയുടെ സൂപ്പര്‍ അര്‍ജന്റ് ലിസ്റ്റില്‍ സന്ധ്യയുടെ പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 72 മണിക്കൂര്‍ കഴിയുമ്പോള്‍ പുതുക്കേണ്ട ഈ ലിസ്റ്റ് രണ്ടുതവണ പുതുക്കിയതിനു ശേഷം അഞ്ചാം ദിവസമായ തിങ്കളാഴ്ച ഹൃദയം ലഭ്യമാണെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. തിരുവനന്തപുരം മുക്കോല ചെമ്പക മംഗലം സതീശവിലാസത്തില്‍ വിശാലി (15) ന്റെ ഹൃദയമാണ് സന്ധ്യ ക്ക് പുതിയ ജീവിതം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."