യുവേഫ ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍: ആക്രമണം vs പ്രതിരോധം
പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഫ്രഞ്ച് ലീഗ് വണില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മൊണാക്കോ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനെ നേരിടാനിറങ്ങും. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധവുമായി നിലകൊള്ളുന്ന യുവന്റസും സീസണില്‍ ഗോളുകളടിച്ചു കൂട്ടി മുന്നേറുന്ന മൊണാക്കോയുടെ ആക്രമണവുമാണ് ഇന്ന് മുഖാമുഖം വരുന്നത്.
ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് മൊണാക്കോ ഈ സീസണില്‍ നടത്തിയ കുതിപ്പ് അവിശ്വസനീയമാണ്. അതിന്റെ തുടര്‍ച്ചയാണ് അവര്‍ ചാംപ്യന്‍സ് ലീഗിലും പുറത്തെടുത്തത്. പഴയ പടകുതിര റഡാമല്‍ ഫാല്‍ക്കാവോയുടെ തിരിച്ചു വരവും യുവ വിസ്മയം കയ്‌ലിയന്‍ എംബാപ്പെയുടെ ഗോളടി മികവുമാണ് മൊണാക്കോയുടെ മുന്നേറ്റത്തിന്റെ ശക്തി. കഴിഞ്ഞ 18 മത്സരങ്ങളില്‍ നിന്ന് എംബാപ്പെ 18 ഗോളുകളാണ് എതിര്‍ വലയില്‍ നിക്ഷേപിച്ചത്. ഒപ്പം ടീമെന്ന നിലയില്‍ അവര്‍ പ്രകടിപ്പിക്കുന്ന ഒരുമയും മൈതാനത്ത് ഊര്‍ജമായി പ്രസരിക്കുന്നു.
നിലവില്‍ യൂറോപ്പിലെ സമാനതകളില്ലാത്ത പ്രതിരോധവും അതിന്റെ സൗന്ദര്യവുമാണ് യുവന്റസിന്റെ മുന്നേറ്റത്തിന്റെ കാതല്‍. പ്രതിരോധത്തില്‍ ബെര്‍സാഗ്ലി, ബൊനൂചി, ചെല്ലിനി, ഡാനി ആല്‍വ്‌സ് എന്നിവര്‍ അണിനിരക്കുന്നു. ക്വാര്‍ട്ടറിന്റെ രണ്ട് പാദത്തിലെ 180 മിനുട്ടും ബാഴ്‌സലോണയെ ഗോളടിക്കാന്‍ അനുവദിക്കാത്തത് മാത്രം മതി അവരുടെ മികവളക്കാന്‍. മെസ്സി- സുവാരസ്- നെയ്മര്‍ ത്രയമെന്ന ലോകത്തിലെ ഏറ്റവും മാരക പ്രഹര ശേഷിയുള്ള മുന്നേറ്റത്തെ ഒരു ഗോള്‍ പോലും നേടാന്‍ അനുവദിക്കാത്ത ഇച്ഛാശക്തിയാണ് ഓള്‍ഡ് ലേഡികളുടെ കരുത്ത്. ഒപ്പം ബാറിന് കീഴില്‍ പ്രായം തളര്‍ത്താത്ത റിഫ്‌ളക്ഷനുകളുമായി നിറയുന്ന ബുഫണെന്ന അതികായനായ ഗോള്‍ കീപ്പര്‍ നായകന്റെ സാന്നിധ്യവും.
രണ്ട് വര്‍ഷം മുന്‍പ് ചാംപ്യന്‍സ് ലീഗില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൊണാക്കോയെ അവരുടെ തട്ടകത്തില്‍ ഗോളടിക്കാന്‍ അനുവദിക്കാതെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ യുവന്റസ് പിന്നീട് രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ 1-0ത്തിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഒരു വിജയത്തിന്റെ മാനസിക മുന്‍തൂക്കവും മുന്‍പ് മൊണാക്കോയുടെ തട്ടകത്തില്‍ കളിക്കാനിറങ്ങി അവരെ ഗോളടിപ്പിക്കാതെ പ്രതിരോധിച്ചതും യുവന്റസിന് പ്രതീക്ഷ നല്‍കുന്നു. അതേസമയം അന്നത്തെ മുന്നേറ്റമല്ല ഫ്രഞ്ച് കരുത്തര്‍ക്കിപ്പോള്‍ എന്നത് ഇറ്റാലിയന്‍ ടീം ശരിക്കും ഉള്‍ക്കൊള്ളുന്നുണ്ടാകും.
മൊണാക്കോ 4-4-2 പരമ്പരാഗത ശൈലിയില്‍ തുടങ്ങി മത്സരം പുരോഗമിക്കവേ 4-3-3 രീതിയിലും മാറി മാറി കളിക്കുന്നു. എംബാപ്പെ- ഫാല്‍ക്കാവോ ദ്വയമാണ് മുന്നേറ്റത്തില്‍. 4-5-1 ശൈലിയാണ് യുവന്റസ് അവംലബിക്കുക. പ്രതിരോധത്തിന് പ്രാധാന്യമുള്ള ശൈലിയില്‍ ഹിഗ്വയ്‌നായിരിക്കും ഏക സ്‌ട്രൈക്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."