കണ്ണംകുളത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു; കുളത്തിലേക്ക് വെള്ളം എത്തിക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക
ചാലക്കുടി: പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുമ്പോഴും ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കണ്ണംകുളത്തില്‍ വെള്ളം സംഭരിക്കാനാകുമോ എന്ന കാര്യത്തില്‍ ആശങ്ക.
വേനല്‍ കാലത്ത് കനാല്‍ വെള്ളം തുറന്ന് വിട്ടാണ് കണ്ണംകുളം നിറച്ചിരുന്നത്.
എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി കനാല്‍ വഴി ഈ കുളത്തിലേക്ക് വെള്ളം എത്തുന്നില്ല. ഇതേ തുടര്‍ന്ന് വേനലില്‍ ഈ കുളം വറ്റിവരളുകയും ചെയ്യും.
ഇതോടെ പ്രദേശത്തെ കിണറുകളും വറ്റിപോകും. കണ്ണംകുളത്തിലെ വെള്ളമാണ് പ്രദേശത്തെ കിണറുകളേയും മറ്റ് ജലസ്രോതസുകളേയും പരിപോഷിപ്പിച്ച് പോന്നിരുന്നത്.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കുളത്തിലേക്ക് കനാല്‍വെള്ളം എത്തുന്ന പൈപ്പ് അടഞ്ഞ് പോയി. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. നിര്‍മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് ആരോപണം.
ഈ പ്രശ്‌നം പരിഹരിച്ചാലെ കുളത്തില്‍ കനാല്‍വെള്ളം എത്തിക്കാനാവുകയുള്ളൂ. പൈപ്പുകള്‍ക്ക് വന്ന കേടുപാടുകള്‍ പരിഹരിക്കണമെന്ന വര്‍ഷങ്ങളായുള്ള ഇവിടത്തുകാരുടെ ആവശ്യം ഇതുവരേയും പരിഹരിച്ചിട്ടില്ല.
വെള്ളം ഇല്ലാതായതോടെ കുളം ആരും ശ്രദ്ധിക്കാതെയായി. ഇതോടെ കണ്ണംകുളം കുപ്പതൊട്ടിക്ക് തുല്യമായി. പലരും മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റി ഈ കുളം.
ചേറും ചെളിയും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് കണ്ണംകുളം ഉപയോഗശൂന്യമായി. ഇതിനിടെ പ്രദേശത്തെ പ്രധാന ജലസ്രോതസായ കണ്ണംകുളം പുനരുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തി.
പ്രദേശവാസികളുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനവും നല്‍കി. ഈ സാഹചര്യത്തിലാണ് കണ്ണംകുളം പുനര്‍ജ്ജീവിപ്പിക്കാന്‍ അധികൃതര്‍ തയാറായത്. തുടര്‍ന്ന് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചു.
പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 78ലക്ഷം രൂപയും അനുവദിച്ചു. പുനരുദ്ധാരണത്തിന്റെ ഭാഗമായി കുളത്തില്‍ അടിഞ്ഞ് കൂടിയ ചെളിയടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കുളത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്.
ഇതിന് പുറമെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കരിങ്കല്‍ ഭിത്തികെട്ടിയാണ് കുളത്തിന് സംരക്ഷണം ഒരുക്കുന്നത്. മാത്രമല്ല കുളത്തിലേക്ക് വെള്ളമെത്തുന്ന കനാലും നാട്ടുകാര്‍ വൃത്തിയാക്കുകയും ചെയ്തു.
കുളത്തില്‍ വെള്ളം നിറഞ്ഞാല്‍ 22,23 വാര്‍ഡുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും. പ്രദേശത്തെ കിണറുകളടക്കമുള്ള ജലസ്രോതസുകളിലെല്ലാം ജലവിതാനം ഉയരും.
വര്‍ഷക്കാലത്ത് മഴവെള്ളവും വേനല്‍കാലത്ത് കനാല്‍ വെള്ളവുമാണ് കണ്ണന്‍കുളത്തില്‍ എത്തുന്നത്.
കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കുളത്തിലേക്ക് വെള്ളമെത്തുന്ന ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി അടഞ്ഞ് പോയ പൈപ്പിന്റെ അപാകത പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."