HOME
DETAILS

ഹിജ്‌റ: അതിജീവനത്തിന്റെ സന്ദേശം

  
backup
August 20 2020 | 00:08 AM

hijra-880000-2020

 

വിശ്വാസികള്‍ക്ക് വീണ്ടുമൊരു പുതുവര്‍ഷം സമാഗതമായിരിക്കുകയാണ്. ഇസ്‌ലാമിക ചരിത്രത്തിലും പ്രവാചക ജീവിതത്തിലും അവിസ്മരണീയവും അതിപ്രധാനവുമായ മദീനാ യാത്ര അടിസ്ഥാനമാക്കിയാണല്ലോ ഹിജ്‌റ കലണ്ടറിന്റെ രൂപകല്‍പന. ഇസ്‌ലാമിന്റെ വളര്‍ച്ചയിലും പ്രവാചകരുടെയും അനുചരരുടെയും പ്രബോധന ജീവിതത്തിലും ഹിജ്‌റയുണ്ടാക്കിയ വഴിത്തിരിവ് പോലെ, വിശ്വാസീ ജീവിതത്തിലും ഓരോ വര്‍ഷാരംഭവും പുതിയ വാതായനങ്ങള്‍ തുറക്കപ്പെടേണ്ടതുണ്ട്.


ദീര്‍ഘ ദൃഷ്ടിയോടെയും സമര്‍ഥമായ ആസൂത്രണങ്ങള്‍ നടത്തിയുമായിരുന്നു തിരുനബി മദീനയിലേക്ക് ഹിജ്‌റ യാത്ര ചെയ്തത്. ശത്രുക്കളുടെ അനേകായിരം കണ്ണുകള്‍ പരതിയിട്ടും ആരുടേയും പിടിയിലകപ്പെടാതെ മക്കയില്‍നിന്ന് നാനൂറ്റി അമ്പത് കിലോമീറ്റര്‍ വടക്കുള്ള യസ്‌രിബില്‍ വിജയകരമായി എത്തിച്ചേര്‍ന്നു എന്ന അത്ഭുതം സംഭവിച്ചത് ഈ ആസൂത്രണങ്ങളിലെ അതിസമര്‍ഥമായ മികവുകാരണമായിരുന്നു.
ഹിജ്‌റ ഒരിക്കലുമൊരു ഒളിച്ചോട്ടമായിരുന്നില്ല. മക്കയിലെ ഓരോ കുടുംബത്തിലും നിന്നുള്ള പ്രതിനിധികള്‍ നബിയുടെ വീടുവളഞ്ഞ രാത്രിയിലായിരുന്നല്ലോ സംഭവം. ആ ശത്രുവലയത്തിനിടയിലൂടെയാണ് നബി ഇറങ്ങിത്തിരിച്ചത്. അവര്‍ക്കത് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വീഴ്ച അവരുടേതാണല്ലോ. ചില ഇസ്‌ലാം വിരോധികളും ഓറിയന്റലിസ്റ്റുകളും അതൊരു ഒളിച്ചോട്ടമായി എഴുതി വെച്ചിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് മലയാളത്തിലെ പലായനം പ്രചാരത്തില്‍ വന്നത്. അനുയായികളുടെ മദീനയിലേക്കുള്ള പുറപ്പാട് സംഭവിച്ചുകൊണ്ടിരുന്നതിനാല്‍ നബിയും നാടുവിടുമെന്ന് ശത്രുക്കള്‍ പ്രതീക്ഷിച്ചിരുന്നതാണ്. അവര്‍ ഗൂഢാലോചന നടത്തി ഒരുങ്ങിവന്ന് വധം നടപ്പാക്കാനിരുന്നപ്പോഴേക്കും നബി പുറപ്പെട്ടു കഴിഞ്ഞു എന്നതാണ് സംഭവിച്ചത്.


നുബുവ്വത്തിന്റെ പതിനാലാം വര്‍ഷം സ്വഫര്‍ 27-ാം തിയതി (ക്രിസ്ത്വബ്ദം 622-സെപ്റ്റംബര്‍ 13) യായിരുന്നു മക്കയില്‍ നിന്നുള്ള നബിയുടെ പുറപ്പാട്. അതിന്റെ തൊട്ടുമുന്‍പുള്ള ദിവസമാണ് ഖുറൈശ് യോഗം ചേര്‍ന്ന് നബിയെ വധിക്കാന്‍ തീരുമാനിച്ചത്. ജിബ്‌രീല്‍ വന്ന് വിവരമറിയിക്കുകയും രാത്രി തന്നെ നാടുവിടാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. കൊടും ചൂടില്‍ ഉച്ചക്കു അല്‍പം മുന്‍പായി മുഖം മറച്ച് നബി (സ) സ്വിദ്ദീഖി(റ)ന്റെ വീട്ടിലെത്തി വിവരം കൈമാറി. സുപ്രധാനമായ കുറേ ആസൂത്രണങ്ങള്‍ ആവിഷ്‌കരിച്ചു. സ്വന്തം വീട്ടില്‍ രാത്രി തങ്ങരുതെന്നും പിതൃവ്യപുത്രനും ജാമാതാവുമായ അലിയ്യുബ്‌നു അബീഥാലിബിനെ സ്വന്തം വിരിപ്പില്‍ ഉറങ്ങാന്‍ ഏര്‍പ്പാടാക്കണമെന്നുമായിരുന്നു പ്രഥമവും പ്രധാനവുമായ തീരുമാനം. തന്നെയും കൂടെക്കൂട്ടണമെന്നും തന്റെ കൈവശമുള്ള രണ്ടിലൊരു ഒട്ടകം സ്വീകരിക്കണമെന്നും സ്വിദ്ദീഖ് (റ) അപേക്ഷിച്ചു; എന്നാല്‍ വിലവാങ്ങിക്കൊണ്ടു മാത്രം സ്വീകരിക്കാമെന്ന് നബി നിലപാട് വ്യക്തമാക്കി.


ആസൂത്രണമനുസരിച്ച് നബി (സ) അലി (റ)യെ വിളിച്ചുവരുത്തി വിവരങ്ങള്‍ പറഞ്ഞു. സര്‍വരുടെ കണ്ണിലും സമ്പൂര്‍ണ വിശ്വസ്തനായിരുന്നതിനാല്‍ ശത്രുചേരിയിലുള്ളവരുള്‍പ്പെടെ ഒട്ടേറെപ്പേരുടെ സൂക്ഷിപ്പുവസ്തുക്കളും ധനവും നബിയുടെ കൈവശമുണ്ടായിരുന്നു. വിശദ വിവരങ്ങള്‍ സഹിതം അവയോരോന്നും ഉടമകള്‍ക്കു തിരിച്ചുനല്‍കാന്‍ അലിയെ ഏല്‍പിച്ചു. തന്റെ കിടപ്പിടത്തില്‍ ഉറങ്ങാനും ഏര്‍പാടാക്കി. ശത്രുക്കള്‍ വീടുവളഞ്ഞപ്പോള്‍ ഒരുപിടി മണലെടുത്ത് യാസീന്‍ സൂറയുടെ ആദ്യസൂക്തങ്ങള്‍ (1-9) ഓതി എറിഞ്ഞു. മണല്‍ത്തരികള്‍ കണ്ണില്‍ വീണപ്പോള്‍ അവരതു തുടച്ച് വൃത്തിയാക്കുന്നതിനിടയില്‍ നബി പുറത്തിറങ്ങിപ്പോയി. 'അങ്ങ് എറിഞ്ഞപ്പോള്‍ ആ മണല്‍ വിക്ഷേപം നടത്തിയത് താങ്കളല്ല, പ്രത്യുത അല്ലാഹുവാണ് എറിഞ്ഞത്'. (ഖുര്‍.8:17). പ്രവാചകന്റെയും സഹയാത്രികനായ അബൂബക്ര്‍ സിദ്ദീഖി (റ)ന്റെയും സൗറ് ഗുഹാവാസവും അവിടേക്കുള്ള ഭക്ഷണ ക്രമീകരണവുമെല്ലാം നേരത്തെ ആസൂത്രണം ചെയ്ത ശേഷമായിരുന്നു അവരുടെ മദീന ലക്ഷ്യംവെച്ചുള്ള ഹിജ്‌റ യാത്ര.
പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ജീവിത സാഹചര്യങ്ങളിലെ അതിജീവനം സാധ്യമാകാത്തതിനാല്‍ നബിയും അനുചരന്മാരും ഒളിച്ചോട്ടം തെരഞ്ഞെടുക്കുകയായിരുന്നില്ല; പുഷ്‌കലമായ കര്‍മഭൂമി കണ്ടെത്തി അങ്ങോട്ട് താമസം മാറ്റുകയായിരുന്നു. അടിച്ചമര്‍ത്തലുകളിലും ക്രൂരപീഡനങ്ങളിലും സഹികെട്ട് അനുയായികള്‍ നിരവധി തവണ നാടുവിട്ടു പോകാന്‍ കേണുപറഞ്ഞപ്പോഴും ക്ഷമയും സഹനവും കൈവെടിയാതെ ത്യാഗനിര്‍ഭരമായി ജീവിക്കാനായിരുന്നു പ്രവാചകന്‍ ആദ്യനാളുകളില്‍ നിര്‍ദേശിച്ചിരുന്നത്.


അനിവാര്യമായി വരുമ്പോള്‍ പ്രിയപ്പെട്ടതെന്തും അല്ലാഹുവിനു വേണ്ടി ത്യജിക്കുക- അതാണ് ഹിജ്‌റ. പ്രവാചക ശ്രേഷ്ഠന്മാരും പുണ്യപുരുഷന്മാരുമൊക്കെ അതാണ് ചെയ്തത്. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ആറ്റുനോറ്റുണ്ടായ പ്രിയപുത്രന്‍ ഇസ്മാഈലിനെ ബലികൊടുക്കാനാണ് തന്റെ ആത്മമിത്രമായ ഇബ്രാഹീം നബിയോട് അല്ലാഹു കല്‍പിക്കുന്നത്. അതികഠിനമായ മറ്റൊരു പരീക്ഷണം കൂടി അതിലുണ്ടായിരുന്നു- ആ കശാപ്പു പണി താന്‍ തന്നെ സ്വയം നിര്‍വഹിക്കുകയും വേണം! ഏതെങ്കിലുമൊരു മനുഷ്യനു സാധിക്കുമോ ഇത്? എന്നാല്‍ ഖലീലുല്ലാഹി അത് നിര്‍വഹിച്ചു. പരീക്ഷയില്‍ നൂറു ശതമാനം വിജയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്തിത്വം വരെ ചോദ്യം ചെയ്യപ്പെടുന്ന മുസ്‌ലിംകളും ത്യാഗത്തിനു തയാറാകണം. അല്ലാഹുവിന്റെ ദീനിന്റെ നിലനില്‍പ്പിനു വേണ്ടി ആവുന്നതൊക്കെ ചെയ്യണം. സകലമാന മനുഷ്യര്‍ക്കും വേണ്ടി- വെള്ളവും വായുവും ഭക്ഷണവും സജ്ജീകരിച്ചിരിക്കുന്നതു പോലെ- അവന്‍ സംവിധാനിച്ച ജീവിത വ്യവസ്ഥിതിയാണ് ഇസ്‌ലാം. മനുഷ്യര്‍ക്കു മാത്രമല്ല, സമസ്ത സൃഷ്ടിജാലങ്ങള്‍ക്കും അഖിലമാന വസ്തുക്കള്‍ക്കും നീതിയും നന്മയും ക്ഷേമവും നേട്ടവും പുരോഗതിയും വിഭാവനം ചെയ്യുന്ന മതം!


ഹിജ്‌റ മുന്നോട്ടുവെക്കുന്ന അതിജീവന പാഠങ്ങളാണ് വിശ്വാസി തന്റെ ജീവിതത്തിലും സ്വീകരിക്കേണ്ടത്. വിശ്വാസാദര്‍ശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പിറന്ന മണ്ണും നാടും ഉപേക്ഷിച്ച്, ഉറ്റവരെ പോലും വെടിഞ്ഞാണ് മക്കയിലെ മുഹാജിറുകള്‍ 270 മൈല്‍ ദൂരത്തുള്ള യസ്‌രിബിലേക്ക് ദേശാന്തരം നടത്തിയത്. മദീനാവാസികളാകട്ടെ, അവരെ ഇരുകൈനീട്ടി സ്വീകരിക്കുകയും തങ്ങളുടെ വീടുകളില്‍ താമസിപ്പിക്കുകയും കൃഷി, കച്ചവടം എന്നിവയിലൊക്കെ കൂടെ ചേര്‍ക്കുകയും ചെയ്തു. ഇത്തരമൊരു കൈത്താങ്ങും ഹൃദയവിശാലതയും പങ്കുവെപ്പും അവര്‍ നേരത്തെ അഖബാ ഉടമ്പടിയില്‍ വാഗ്ദാനം ചെയ്തതായിരുന്നു. ഇസ്‌ലാമിക മാര്‍ഗത്തിലുള്ള പ്രതിബന്ധങ്ങളും പ്രതിസന്ധികളും അതിജീവിക്കാന്‍ മക്കയിലെ പ്രവാചകാനുചരര്‍ തയാറായതും ജീവിതകാലത്ത് ഒരു നിമിഷം പോലും കണ്ടിട്ടില്ലാത്തവരെ ഇരുകൈയ് നീട്ടി സ്വീകരിക്കാന്‍ മദീനക്കാരായ അന്‍സ്വാറുകള്‍ സജ്ജരായ ഉദാത്ത മാതൃകയുമാണ് എക്കാലത്തും വിശ്വാസി അനുധാവനം ചെയ്യേണ്ടത്.
സമര്‍പ്പണവും അതിജീവനവുമായിരുന്നു പ്രവാചകരുടെയും ശ്രേഷ്ഠാനുചരരുടെയും പ്രബോധന ജീവിതത്തിന്ന് ശക്തി പകര്‍ന്ന രണ്ടു ഘടകങ്ങള്‍. ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി അതിജീവന കഥകള്‍ക്കു സാക്ഷ്യംവഹിച്ച മാസമാണ് മുഹര്‍റം. ഫറോവയുടെ ക്രൂരമായ പീഡനത്തിന് വിധേയരായ ഒരു ജനതയുടെ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മൂസാനബി (അ)ക്കും അനുയായികള്‍ക്കും രക്ഷ ലഭിച്ചത് ഈ മാസത്തില്‍ തന്നെ. നംറൂദിന്റെ പീഡനങ്ങളെ അതിജീവിച്ച ഇബ്രാഹീം നബി (അ) അഗ്നികുണ്ഡത്തില്‍ നിന്നു രക്ഷപ്പെട്ടതും അതിജയിച്ചതും ഈ മാസത്തിലായിരുന്നു. ഇത്തരം അതിജീവന കഥകള്‍ക്ക് സാക്ഷ്യം വഹിച്ചതുകൊണ്ടാണ് അതിനു നന്ദി പ്രകടിപ്പിച്ചും പുതുവര്‍ഷത്തില്‍ വിശ്വാസിക്ക് കൂടുതല്‍ വിജയക്ഷേമങ്ങളുണ്ടാക്കാനും മുഹര്‍റത്തില്‍ വ്രതാനുഷ്ഠാനം വര്‍ധിപ്പിക്കാന്‍ നബി (സ) പ്രേരിപ്പിച്ചത്. 'റമദാന്‍ കഴിഞ്ഞാല്‍ വ്രതാനുഷ്ഠാനത്തിന് ഏറെ പവിത്രതയുള്ള മാസം അല്ലാഹുവിന്റെ മാസമായ മുഹര്‍റമാണ്' (മുസ്‌ലിം).


സമകാലിക സാഹചര്യത്തില്‍ പ്രതിസന്ധികളെ അവഗണിച്ച്, വിശ്വാസദാര്‍ഢ്യത്തോടെ മുന്നോട്ടുപോകാനുള്ള പ്രതിജ്ഞയെടുക്കാന്‍ ഈ പുതുവത്സര ദിനത്തില്‍ നാം തയാറാകേണ്ടതുണ്ട്. തെറ്റുകളില്‍ നിന്നുള്ള തിരിഞ്ഞോട്ടമാണ് പുതിയ കാലത്തെ വിശ്വാസിയുടെ പലായനം. ദൈവമാര്‍ഗത്തില്‍ ജീവിക്കാനുള്ള പ്രതിജ്ഞയും സ്രഷ്ടാവിന്റെ വിധിവിലക്കുകളെ അനുസരിക്കാനുള്ള സന്നദ്ധതയുമാണ് വിശ്വാസികള്‍ക്ക് ഉണ്ടാവേണ്ടത്.


ലോകമെമ്പാടും കൊവിഡ് സൃഷ്ടിച്ച ഭീതിയും പ്രതിസന്ധിയും അതിജീവിച്ച് സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ ജീവിതം കരുപിടിപ്പിക്കാനുള്ള ദൃഢപ്രതിജ്ഞയും ആസൂത്രണങ്ങളും നമ്മുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്. ജോലിയും ജീവിതച്ചെലവുകളും ക്രമംതെറ്റിയ ഈ സവിശേഷ സാഹചര്യത്തില്‍ കൃത്യമായ ആസൂത്രണവും അതിജീവന മാര്‍ഗവും നമുക്കനിവാര്യമത്രേ. പോയ കാലത്തെ പാകപ്പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ ജീവിതക്രമം ആവിഷ്‌കരിക്കാനും നാം തയാറാവണം.


'അല്ലാഹുവിന്റെ വഴിയിലായി ഒരാള്‍ ദേശത്യാഗം ചെയ്താല്‍ ഭൂമിയില്‍ ഒട്ടേറെ അഭയസ്ഥലങ്ങളും ജീവിത വിശാലതയും അവനു ലഭ്യമാകും. ഒരാള്‍ സ്വഗൃഹത്തില്‍ നിന്ന് അല്ലാഹുവിങ്കലേക്കും റസൂലിങ്കലേക്കുമായി ദേശത്യാഗിയായി പുറപ്പെടുകയും പിന്നീടവനു മരണം വന്നെത്തുകയും ചെയ്താല്‍ അല്ലാഹുവിങ്കല്‍ അവന്റെ പ്രതിഫലം സ്ഥിരീകൃതമായിക്കഴിഞ്ഞു! ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു' വി.ഖു (4:100).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago