ഇത്തവണ നേരത്തെ മാവേലിയെത്തി, പിന്നാലെ ക്വാറന്റൈനിലും പോയി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് ബോധവല്‍കരണ സന്ദേശവുമായി തലസ്ഥാന നഗരത്തില്‍ മാവേലിയെത്തി. ക്വാറന്റൈനില്‍ പോകാന്‍ പാകത്തില്‍ ദിവസം കണക്കാക്കിയാണ് ഇന്നലെ രാവിലെ നഗരത്തില്‍ കൊവിഡ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തും മാവേലി രംഗത്തെത്തിയത്. ആശയം കമ്മിഷണറുടേതായതിനാല്‍ കിട്ടിയ മാവേലിയെയും കൊണ്ട് നഗരത്തില്‍ തലങ്ങും വിലങ്ങും ഓടി നഗര പരിധിയിലെ പൊലിസുകാര്‍ പരിപാടി കളറാക്കി..!
കഴിഞ്ഞ ദിവസം വൈകിയാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് കൊവിഡ് ബോധവല്‍ക്കരണത്തിനുള്ള പതിവു പരിപാടികളായ വിരട്ടലും മറ്റും ഒന്ന് മാറ്റിപ്പിടിക്കാമെന്ന ആശയം ഉദിച്ചത്. പിന്നാലെ നഗരത്തിലെ സ്റ്റേഷനുകളില്‍ നിര്‍ദേശമെത്തി. ബുധനാഴ്ച്ച രാവിലെ മാവേലിയെ രംഗത്തിറക്കണം..! എവിടെനിന്ന്, എങ്ങനെ ഇത്യാദി കാര്യങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല. ആരു പണം കൊടുക്കുമെന്നതിലും വ്യക്തതയുണ്ടായിരുന്നില്ല. ഒന്നും നടന്നില്ലെങ്കില്‍ ഈ വേഷവും തങ്ങള്‍തന്നെ കെട്ടും എന്നു നിശ്ചയിച്ചാണ് ഇന്നലെ രാവിലെ സ്‌റ്റേഷനുകളില്‍ പൊലിസുകാരെത്തിയത്. ഓരോ സ്‌റ്റേഷനിലും മാവേലിക്ക് പറ്റിയ ശരീര പ്രകൃതിയുള്ള പൊലിസുകാരനെ വേഷം കെട്ടിക്കാന്‍ സജ്ജമാക്കുന്നതിനിടെ വീണ്ടും നിര്‍ദേശമെത്തി. പരിപാടി നടന്നില്ലെങ്കിലും വേണ്ടില്ല, പൊലിസുകാര്‍ വേഷം കെട്ടേണ്ട..!
കിട്ടിയ മാവേലിയുമായി കന്റോണ്‍മെന്റ് പൊലിസ് രാവിലെ 10.30ന് പാളയത്ത് പരിപാടി തുടങ്ങി. സിറ്റി പൊലിസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ, ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ.ദിവ്യ.വി.ഗോപിനാഥ് എന്നിവരുമെത്തി. ഓണത്തിന് എത്താന്‍ താനും ക്വാറന്റൈനില്‍ പോവുകയാണെന്നും അപ്പോഴും ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങള്‍ കൊവിഡ് സുരക്ഷ പാലിക്കണമെന്നും മാവേലി പറഞ്ഞു. മാവേലി ക്വാറന്റൈനില്‍ പോവുകയാണെന്ന് കമ്മിഷണറും അറിയിച്ചു.
ഈ സമയം മറ്റു സ്റ്റേഷനുകള്‍ അങ്കലാപ്പിലായിരുന്നു. മാവേലി റെഡിയായില്ല..! അങ്ങനെ പാളയത്ത് നിന്നു ക്വാറന്റൈനില്‍ പോകാനൊരുങ്ങിയ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ മാവേലിയെ മറ്റു സ്‌റ്റേഷനുകാര്‍ കസ്റ്റഡിയിലെടുത്ത് നഗരം ചുറ്റിച്ചു..! ബോധവല്‍ക്കരണത്തിലെ വ്യത്യസ്തത ജനങ്ങള്‍ക്കും കൗതുകമായി. തിരുവനന്തപുരം സിറ്റി പൊലിസിന്റെ 'സെയ്ഫ് ആന്റ് ഹാപ്പി ഓണം' ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് മാവേലിയെ രംഗത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."