മുന്നണിക്ക് തലവേദനയായി മുഖത്തലയില്‍ ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് തമ്മിലടി
കൊട്ടിയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലയിലെ ഈറ്റില്ലങ്ങളിലൊന്നായ മുഖത്തലയില്‍ ഭരണകക്ഷിയിലെ യുവജന സംഘടനകള്‍ നേര്‍ക്കുനേര്‍ പോരാടിയത് മുന്നണിക്ക് തലവേദനയായി. സി.പി.ഐ യുവജന വിഭാഗമായ എ.ഐ.വൈ.എഫില്‍ ഈയിടെ തൃക്കോവില്‍വട്ടത്തും മുഖത്തലയിലും പരിസരത്തും അംഗസംഖ്യയിലുണ്ടായ നേരിയ വര്‍ധനവാണ് ഡി.വൈ.എഫ്.ഐയെ ചൊടിപ്പിച്ചത്.
വര്‍ധനവ് ചെറുതാണെങ്കിലും ഇത് ഡി.വൈ.എഫ്.ഐയിലെ ചില പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണ് ആക്രമണത്തിനു പിന്നിലെന്ന് എ.ഐ.വൈ.എഫ് ജില്ലാ ഭാരവാഹികള്‍ പറയുന്നു. മുഖത്തലയിലെ ഡി.വൈ.എഫ്.ഐ - എ.ഐ.വൈ.എഫ് സംഘര്‍ഷവും അടിപിടി അക്രമവും സി.പി.എം-സി.പി.ഐ പാര്‍ട്ടികള്‍ തമ്മില്‍ നടുറോഡില്‍ നേര്‍ക്കുനേരെയുള്ള കൊമ്പുകോര്‍ക്കലായി മാറിയതാണ് സംഭവങ്ങള്‍ ജില്ലാ ഇടതു നേതൃത്വത്തിന്റെ കൈയില്‍നിന്ന് വിട്ടുപോകാന്‍ കാരണമായത്. ഇതിനിടെ പൊലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്. സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തെ അറിഞ്ഞിട്ടും കൊട്ടിയം പൊലിസ് സ്ഥലത്ത് കൂടുതല്‍ സേനയെ എത്തിക്കാതെ വീഴ്ചവരുത്തിയെന്നും പരാതിയുണ്ട്. ഡി.വൈ.എഫ്.ഐക്ക് അനുകൂലമായി എഫ്.ഐ.ആര്‍ എഴുതിയെന്നും പൊലിസിനെതിരേ ആക്ഷേപമുണ്ട്. കൊട്ടിയമടക്കമുള്ള സ്റ്റേഷനുകളിലെ ഭൂരിഭാഗം പൊലിസുകാരും മുന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായതാണ് മൗനം പാലിക്കാന്‍ കാരണമായതെന്നു പറയുന്നു.സംസ്ഥാനവും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തും ഭരിക്കുന്ന പാര്‍ട്ടികള്‍ തമ്മിലുള്ള പുറത്തെ കായികസംഘട്ടനം മുന്നണിബന്ധത്തെ ജില്ലാതലത്തില്‍ പിടിച്ചുലച്ചേക്കും. കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖത്തലയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നല്ല രസത്തിലല്ല.പിന്നീട് എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം മുഖത്തലയില്‍ ആരംഭിച്ചതിനു തൊട്ടുമുമ്പു മുതല്‍ ഡി.വൈ.എഫ്.ഐ -എ.ഐ.വൈ.എഫ് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സമ്മേളനത്തിന്റെ പോസ്റ്ററും ബാനറും കീറുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മുരാരിമുക്ക് മുതല്‍ സമ്മേളനഹാള്‍ വരെ റോഡ് വെള്ളയടിച്ച് എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പേരുകള്‍ എഴുതുകയും എ.ഐ.എസ്.എഫിന്റെ കൊടിതോരണങ്ങള്‍ക്ക് മുന്നില്‍ ആര്‍ച്ചുകള്‍ കെട്ടുകയും ചെയ്ത് മനപൂര്‍വം പ്രകോപനം സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്.തുടര്‍ന്ന് ഡി.വൈ.എഫ്.ഐ കൊട്ടിയം ഏരിയ പ്രസിഡന്റും പഞ്ചായത്തംഗവും സ്വരലയ സാംസ്‌കാരിക സമിതി സെക്രട്ടറിയുമായ സതീഷ്‌കുമാറിനെ ചിലര്‍ എ.ഐ.വൈ.എഫ് യോഗം നടന്ന അന്നുരാത്രി മുരാരിക്കില്‍വെച്ച് തല്ലിയിരുന്നു. അടിച്ചത് എ.ഐ.വൈ.എഫ്ക്കാരാണെന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്. അന്ന് രാത്രി സ്ഥലത്ത് ഇരുകൂട്ടരും പാര്‍ട്ടി ഓഫിസുകളും കൊടിതോരണങ്ങളും തകര്‍ത്തു.പരുക്കേറ്റ സതീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സമാപന സമ്മേളനത്തില്‍ മുല്ലക്കര രത്‌നാകരന്‍ പ്രസംഗിച്ചുകഴിഞ്ഞ് യോഗം പിരിഞ്ഞതിനുശേഷമാണ് അക്രമമുണ്ടായത്. തൊട്ടടുത്ത് സി.പി.ഐയുടെ ഓഫിസില്‍ ആക്രമണസമയത്ത് അധികം ആളുകള്‍ ഇല്ലായിരുന്നു. അപ്പോള്‍തന്നെ പൊലിസില്‍ വിവരം അറിയിച്ചിട്ടും അക്രമികള്‍ പിരിഞ്ഞതിന് ശേഷം മാത്രമാണ് അവര്‍ സ്ഥലത്ത് എത്തിയതെന്ന് സി.പി.ഐക്ക് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."