കേരളത്തില്‍ സിലബസ് വെട്ടിച്ചുരുക്കില്ല
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന് കരിക്കുലം കമ്മിറ്റി. സ്‌കൂള്‍ തുറക്കുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും തുറന്നതിന് ശേഷമുള്ള അവധിദിനങ്ങള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി സിലബസ് പൂര്‍ത്തീകരിക്കാനുമാണ് തീരുമാനം.
ഓണ്‍ലൈന്‍ പഠനം അടക്കം തുടര്‍പഠനം വിലയിരുത്താന്‍ എന്‍.സി.ആര്‍.ടി ഡയരക്ടര്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കാനും ഇന്നലെ ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരുമാനിച്ചു.
ആദിവാസി, പിന്നാക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ള എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനം ഉറപ്പാക്കും. ഇക്കാര്യത്തില്‍ ട്രൈബല്‍ വകുപ്പിന്റെ സഹായം തേടും. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ പഠന പ്രവര്‍ത്തന പരിപാടി ആവിഷ്‌ക്കരിക്കും.
നേര്‍ക്കാഴ്ച എന്ന പേരില്‍ കുട്ടികളുടെ കൊവിഡ് കാല പഠനാനുഭവങ്ങള്‍ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന പരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കും. യോഗ, ഡ്രില്‍ ക്ലാസുകളുടെ ഡിജിറ്റല്‍ സംപ്രേക്ഷണവും കലാകായിക പഠനക്ലാസുകളും ഉടന്‍ ആരംഭിക്കും.
ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കാത്ത സാഹചര്യത്തില്‍ നിരന്തര മൂല്യനിര്‍ണയ സ്‌കോറുകള്‍ അന്തിമമാക്കാന്‍ നടപടി സ്വീകരിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 30 ഓളം മൈനര്‍ വിഷയങ്ങളുടെ ക്ലാസുകള്‍ ഉടന്‍ സംപ്രേക്ഷണം തുടങ്ങും. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികളുടെ വര്‍ക്ക് ഷീറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡി.ജി.ഇ കെ. ജീവന്‍ ബാബു, എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ ജെ. പ്രസാദ്, എസ്.എസ്.കെ ഡയരക്ടര്‍ കുട്ടികൃഷ്ണന്‍, അന്‍വര്‍ സാദത്ത്, കെ.സി ഹരികൃഷ്ണന്‍, എന്‍. ശ്രീകുമാര്‍, സി. പ്രദീപ്, സി.പി ചെറിയ മുഹമ്മദ്, ഹരികുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."