മാലിയില്‍ പട്ടാള അട്ടിമറി
ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പട്ടാള അട്ടിമറി നടത്തി വിമത സൈനികര്‍. രാജിവച്ച പ്രസിഡന്റ് ഇബ്‌റാഹിം ബോബകര്‍ കീറ്റയെയും പ്രധാനമന്ത്രി ബോബോ സിസ്സെയെയും ഉന്നത ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് തലസ്ഥാനമായ ബമാകോയ്ക്കടുത്ത സൈനിക ക്യാംപില്‍ തടവിലാക്കി. ഇതോടെ മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് നാടകീയമായ പരിസമാപ്തിയായി.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സായുധരായ സൈനികര്‍ വീട്ടില്‍ ചെന്ന് പ്രസിഡന്റിനെ പിടികൂടിയത്. വീടു വളഞ്ഞശേഷം പട്ടാളം വായുവിലേക്ക് നിറയൊഴിക്കുകയായിരുന്നു. അറസ്റ്റിലായതോടെ ഇത്ര നാളും അധികാരമൊഴിയാന്‍ കൂട്ടാക്കാതിരുന്ന പ്രസിഡന്റ് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. പട്ടാള അട്ടിമറി തെരുവില്‍ ആഘോഷിക്കുകയാണ് ജനങ്ങള്‍. കാറ്റി സൈനിക ക്യാംപ് മേധാവി കേണല്‍ മാലിക് ദിയോവാണ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത്. മറ്റൊരു കമാന്‍ഡറായ ജനറല്‍ സാദിയോ കമാര പിന്തുണ നല്‍കി.
അധികാരമൊഴിയാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് അട്ടിമറി. അര്‍ധരാത്രി ദേശീയ ടെലിവിഷനു മുന്നില്‍ രാജി പ്രഖ്യാപിച്ച പ്രസിഡന്റ് കീറ്റ തനിക്ക് അധികാരത്തില്‍ തുടരുന്നതിനായി രക്തമൊഴുക്കരുതെന്ന് അഭ്യര്‍ഥിച്ചു. തന്റെ സര്‍ക്കാറും ദേശീയ അസംബ്ലിയും പിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു.
അട്ടിമറി നടത്തിയ പട്ടാളത്തിന്റെ വക്താവ് കേണല്‍ ജനറല്‍ ഇസ്മാഈല്‍ വാഗ് രാജ്യം കലാപത്തിലേക്ക് പോകുന്നത് തടയാനാണ് സൈന്യം അധികാരം ഏറ്റെടുത്തതെന്ന് അറിയിച്ചു. അതോടൊപ്പം രാജ്യത്തിന്റെ സ്ഥിരതയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും വൈകാതെ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അട്ടിമറിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടയ്ക്കുകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ജനം കീറ്റയുടെ മകന്റെയും നീതിന്യായ മന്ത്രിയുടെയും വിലപിടിച്ച സ്വത്തുക്കള്‍ കൈക്കലാക്കി ഓടുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
2013ല്‍ ഒരു പട്ടാള അട്ടിമറിക്കു ശേഷമാണ് കീറ്റ ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയത്. അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും അദ്ദേഹം ഭരണത്തിലെത്തുകയായിരുന്നു. ആഫ്രിക്കന്‍ യൂനിയനും യു.എസും ബ്രിട്ടനും ഫ്രാന്‍സും പട്ടാള അട്ടിമറിയെ അപലപിച്ചിട്ടുണ്ട്. രാജിവച്ച പ്രസിഡന്റിനെയും മറ്റുള്ളവരെയും ഉടന്‍ മോചിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. പട്ടാളം ബാരക്കിലേക്ക് മടങ്ങണമെന്ന് നീണ്ടകാലം മാലിയെ കോളനിയാക്കി ഭരിച്ച ഫ്രാന്‍സ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."