മുക്കുപണ്ടം കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ ശ്രമം: ഡല്‍ഹി സ്വദേശിയെ പിടികൂടി
വാടാനപ്പള്ളി: ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണം കൊടുത്ത് പുതിയ സ്വര്‍ണം വാങ്ങാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശി ജിത്റാം (40) ആണ് അറസ്റ്റിലായത്. രണ്ട് പവന് തൂക്കം വരുന്ന ഒരു ജോഡി കമ്മലുമായി വലപ്പാട് മണപ്പുറം റിതി ജ്വല്ലറിയിലെത്തിയ ഇയാള്‍ ഇത് മാറ്റി പുതിയത് ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ വ്യാജ സ്വര്‍ണമാണെന്ന് തെളിഞ്ഞു. ഉടനെ പൊലിസിനെ അറിയിച്ചെങ്കിലും യുവാവ് പുറത്തേക്കോടി. സ്ഥലത്തെത്തിയ വലപ്പാട് സി.ഐ സി.ആര് സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് പിന്തുടര്ന്ന് തൃപ്രയാറില്‍ നിന്ന് ഇയാളെ പിടികൂടി. 2016ലും ഇയാള്‍ റിതി ജ്വല്ലറിയില്‍ നിന്ന് സമാന രീതിയില്‍ സ്വര്‍ണം മാറ്റിയെടുത്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. അന്ന് സി.സി.ടി.വിയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നുവെങ്കിലും പിടികൂടാന്‍ പൊലിസിനു കഴിഞ്ഞിരുന്നില്ല. ഒരു പവന് സ്വര്‍ണം നിര്‍മിക്കാന്‍ ഇയാള്‍ക്ക് അയ്യായിരം രൂപയാണു ചെലവ് വരുന്നതെന്നും പൊലിസ് വ്യക്തമാക്കി. എസ്.ഐ ബൈജു, അഡീഷണല്‍ എസ്.ഐ രാമകൃഷ്ണന്, പൊലിസുകാരായ സലീലകുമാര്, സജീവന് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."