സുശാന്ത് സിങ് രാജ്പുതിന്റെ മരണം അന്വേഷണം സി.ബി.ഐക്കു വിട്ട് സുപ്രിം കോടതി
ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം സുപ്രിംകോടതി സി.ബി.ഐയ്ക്കു വിട്ടു. കേസില്‍ മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുകയും നിരവധി ആരോപണങ്ങള്‍ ഉയരുകയും ചെയ്തതിനു പിന്നാലെയാണ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐക്കു കൈമാറാന്‍ മുംബൈ പൊലിസിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. കേസില്‍ മുംബൈ പൊലിസ് കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നു കാണിച്ചും സുശാന്തിന്റെ മുന്‍ സുഹൃത്ത് റിയാ ചക്രവര്‍ത്തി നടത്തിയ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും സുശാന്തിന്റെ പിതാവ് ബിഹാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പിന്നാലെ ബിഹാര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ബിഹാറില്‍നിന്നെത്തിയ അന്വേഷണ സംഘത്തെ മുംബൈയില്‍ നിര്‍ബന്ധിത ക്വാറന്റൈനിലിരുത്തിയതോടെ ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്യുകയും കേന്ദ്രം ഇത് അംഗീകരിക്കുകയുമായിരുന്നു. ഇതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാരും കേസില്‍ ആരോപണവിധേയയായ റിയാ ചക്രവര്‍ത്തിയും സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതില്‍ ബിഹാര്‍ സര്‍ക്കാരിന് അനുകൂലമായാണ് കോടതി വിധി.
34കാരനായിരുന്ന സുശാന്തിനെ ജൂണ്‍ 14നായിരുന്നു മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദില്‍ഷാ സാലിയന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനു പിന്നാലെയായിരുന്നു സുശാന്തിന്റെയും മരണം. പിന്നീട്, റിയ ചക്രവര്‍ത്തി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംശയത്തിലാകുകയും ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സുപ്രിംകോടതി വിധിയെ സുശാന്തിന്റെ കുടുംബം സ്വാഗതം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."