പുഴയോരത്തെ അന്നമനട പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ കലക്ടര്‍ ഇടപെട്ടു
അന്നമനട: ചാലക്കുടി പുഴയോരത്ത് അന്നമനട പഞ്ചായത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ടു. അന്നമനട പുളിക്കക്കടവ് പാലത്തിനു സമീപം വാളൂര്‍ പുഴയോരത്താണ് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാരെ ചുമതലപെടുത്തി. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. പുളിക്കടവ് പാലത്തിന് തൊട്ടു തൊട്ടില്ലയെന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു.
ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം മുഴുവനും അന്ന് വെള്ളത്തിനടിയിലായിരുന്നു. ആയതിനാല്‍ വെള്ളം കയറി ഇറങ്ങിയാലും ദോഷമില്ലാത്ത നിലയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേരത്തേ പഞ്ചായത്ത് രൂപം കണ്ടത്. ഇതിന് കടക വിരുദ്ധമായ രീതിയിലാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നതെന്നാണ് പരാതി.
1997ലാണ് ഈ പ്രദേശം കരിങ്കല്‍ ഭിത്തി കെട്ടി മണ്ണിട്ട് നികത്താന്‍ തുടങ്ങിയത്. വാളൂര്‍ അന്നമനട ഫെറി സര്‍വ്വീസിനുവേണ്ടി കടവ് നിര്‍മാണമാണമാണ് ലക്ഷ്യമിട്ടത്. 2000 ലാണ് ഒരേക്കറോളം വരുന്നപുഴയോരത്തെ പുറംമ്പോക്ക് ഭൂമിയില്‍ പഞ്ചായത്ത് വിവിധ പദ്ധതികള്‍ ലക്ഷ്യമിട്ടത്. ഇതിനിടെ പുഴക്ക് കുറുകെ പാലം എന്ന നിവാസികളുടെ സ്വപ്നത്തിന് ചിറക് മുളച്ചിരുന്നു. വിനോദ സഞ്ചാര വകുപ്പില്‍ പെടുത്തി പാര്‍ക്ക് നിര്‍മാണം ലക്ഷ്യമിട്ടു. 2003 ല്‍ പുഴക്കു കുറുകെ പുളിക്കകടവ് പാലം യാഥാര്‍ത്ഥ്യമായി. ഇതോടെ ഫെറി നിലച്ചു. പാലത്തിനോട് ചേര്‍ന്ന ഇവിടെ 2010ല്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഒരു കോടി വകയിരുത്തി. 2015ല്‍ സൗഹൃദ പാര്‍ക്ക് ഉദ്ഘാടനവും നിര്‍വഹിക്കാന്‍ കഴിഞ്ഞു. 2016 ല്‍ ഇവിടെ നടത്തിയ പുഴയോര ഫെസ്റ്റ് ശ്രദ്ധേയമായിരുന്നു.
തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. വര്‍ഷക്കാലത്ത് പുഴ കരകവിയുന്ന മേഖലയില്‍ നിര്‍മാണം വേണ്ട എന്ന നിലപാടാണ് ഇടത് പാര്‍ട്ടിയിലെ പ്രമുഖര്‍ക്കുള്ളത്. എന്നാല്‍ പഞ്ചായത്ത് സാരഥ്യമേകുന്ന യു.ഡി.എഫ് നിലപാട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കനുകൂലമാണ്. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിനു ഫൗണ്ടേഷന്‍ സ്ഥാപിക്കുകയാണിവിടെ. ഇത് സര്‍വ്വകക്ഷി യോഗത്തിന്റെ അഭിപ്രായം തേടേണ്ടവയാണന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്. പഞ്ചായത്ത് ഭരണസമിതിയില്‍ തല കുലുക്കുകയും. പുറത്ത് എതിര്‍ക്കുകയുമാണ് ഇടതു നിലപാടെന്ന് യു.ഡി.എഫ് പറയുന്നു. എങ്ങിനേയും ഫണ്ട് ചില വഴിക്കുകയാണ് പഞ്ചായത്തെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."