ലഹരിവസ്തുക്കളുടെ വില്‍പന സ്‌കൂള്‍ വിദ്യാര്‍ഥികളെ കുരുക്കിലാക്കി മാഫിയ
മാള: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്ന മാഫിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെക്കുന്നു. പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ് ഞെട്ടിക്കുന്ന വിവരം നല്‍കുന്നത്.
നേരത്തെ കോളജ് വിദ്യാര്‍ഥികളെയായിരുന്നു ലഹരി മാഫിയ ലക്ഷ്യംവച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സ്‌കൂള്‍ തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ആളുകള്‍ സംശയിക്കില്ല എന്നതിനാലാണ് ലഹരിമാഫിയ വിദ്യാര്‍ഥികളെ വാഹകരാക്കി മാറ്റുന്നതെന്നു നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗ് പൊലിസും എക്‌സൈസുമൊന്നും പരിശോധിക്കില്ല എന്ന് അറിയാവുന്നതിനാലാണിത്. ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളാണ് ലഹരി മാഫിയയുടെ ഇരകളായി മാറുന്നത്. സിനിമാ തിയറ്ററുകള്‍, ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നവരെ ഇവര്‍ നോട്ടമിടും.
കുട്ടികളുമായി ചങ്ങാത്തം കൂടിയശേഷം ആദ്യം ചെറിയ അളവില്‍ മയക്കുമരുന്ന് കൈമാറും. ഇത് ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീട് ലഹരിക്ക് അടിമകളായി മാറുന്നതോടെ ലഹരിവസ്തുക്കള്‍ കിട്ടുന്നതിന് അവര്‍ നിര്‍ദേശിക്കുന്ന ഏത് ജോലിചെയ്യാനും നിര്‍ബന്ധിതരാകും. ഇങ്ങനെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിവാഹകരായി മാറുന്നത്.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുള്ള മാളയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അധികം യുവാക്കളാണ്. ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ലഹരി നുണയാനെത്തുന്ന ഇവര്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്ക് മാളയിലും പുത്തന്‍ചിറയിലും പരിസരപ്രദേശങ്ങളിലും ഒത്താശ ചെയ്തു കൊടുക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവിന് ആവശ്യക്കാര്‍ അധികം ആണ്. കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്തുകയും ചെയ്യും.
പൊലിസും എക്‌സൈസും എത്ര ജാഗ്രത കാണിച്ചാലും രക്ഷിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലഹരി മാഫിയയുടെ കരാളഹസ്തത്തില്‍ ഭാവിതലമുറ ഞെരിഞ്ഞമരുമെന്നുറപ്പാണ്. അന്നമനട, മാള പ്രദേശങ്ങളില്‍ ലഹരിക്കായി കോഡീന്‍ അടങ്ങിയ കഫ് സിറപ്പിന്റെ ഉപയോഗം വര്‍ധിച്ചതായും സൂചനയുണ്ട്.
മാള പൊലിസ് സ്റ്റേഷന് തൊട്ടടുത്ത സ്ഥലത്ത് പോലും ലഹരിമാഫിയ തഴച്ച് വളരുമ്പോഴും അതൊന്നും മാള പൊലിസ് അറിയുന്നില്ലെന്ന് ആക്ഷേപം. മാള സര്‍ക്കിള്‍ ഓഫീസിന് പുറകിലുള്ള പെട്രോള്‍ പമ്പിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ സന്ധ്യ കഴിഞ്ഞാല്‍ പിന്നെ മദ്യവും കഞ്ചാവടക്കമുള്ളവയുടെ ഉപയോഗം സ്ഥിരമാണെന്നാണ് നാട്ടുകാരുടെ പരാതി.
വിവിധ പ്രായത്തില്‍ പെട്ട നിരവധിപേരാണ് ഇവിടെ എത്തുന്നത് എന്നും നാട്ടുകാര്‍ പറയുന്നു. മേഖലയിലെ പല ഭാഗങ്ങളിലും മയക്കുമരുന്നിന്റേയും മദ്യത്തിന്റെയും ഉപയോഗം വ്യാപകമാണ്. കെ.കരുണാകരന്‍ സ്മാരക മാള പഞ്ചായത്ത് സ്റ്റേഡിയം, മാള കെ.കെ റോഡ്, മാളക്കടവ് റൂറല്‍ മാര്‍ക്കറ്റ് പരിസരങ്ങള്‍, കുന്നത്തുകാട്, വലിയപറമ്പ് സ്‌കൂള്‍ പരിസരം തുടങ്ങിയേടങ്ങളിലും അന്നമനട പഞ്ചായത്ത് സ്റ്റേഡിയം, അന്നമനട സ്‌നേഹതീരം പാര്‍ക്ക്, കുഴൂര്‍ പാറപ്പുറത്തെ ദുരിതാശ്വാസ കേന്ദ്രം, പഞ്ചായത്ത് സ്റ്റേഡിയം, മരിയന്‍തുരുത്ത്, കുഴൂര്‍ പള്ളി പരിസരം, ഐരാണിക്കുളം തുടങ്ങിയ സ്ഥലങ്ങളിലും പുത്തന്‍ചിറ പഞ്ചായത്ത് സ്റ്റേഡിയം, കരിങ്ങാച്ചിറ, മാരേക്കാട് കടവ് തുടങ്ങിയ സ്ഥലങ്ങളിലും പൊയ്യ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമാണ് മദ്യത്തിന്റേയും മയക്കുമരുന്നുകളുടേയും ഉപയോഗം. വിവിധ ആരാധനാലയങ്ങളുടെ പരിസരങ്ങളിലും വിദ്യാലയങ്ങളുടെ പരിസരങ്ങളിലും ഇവയുടെ ഉപയോഗം വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."