വിഷു വേലയ്ക്കിടെ ആന ഇടഞ്ഞ സംഭവം: വനംവകുപ്പ് അന്വേഷണം തുടങ്ങി
പാലക്കാട്: കുഴല്‍മന്ദം കാളിമുത്തി ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ആനക്ക് മദപ്പാടിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. വാഹനങ്ങളും, മതിലുകളും, വൈദ്യുതി പോസ്റ്റുകളും തകര്‍ത്തതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്്്.
കരിഞ്ഞാന്‍തൊടി ദേശത്തിന്റെ എഴുന്നെള്ളിപ്പിനായി എത്തിച്ച വടക്കുംനാഥന്‍ ഗണേഷ് എന്ന ആന ഒന്നാം പാപ്പാനായ രാജുവിനെ വീഴ്ത്തിയ ശേഷം ഇടഞ്ഞോടുകയായിരുന്നു. ക്ഷേത്ര പരിസരത്ത് നിറുത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോയും, ആനയെ തളയ്ക്കാന്‍ എത്തിയ എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ വാഹനവും തകര്‍ത്തു. കോയമ്പത്തൂര്‍ സ്വദേശി വേലായുധന്റെ കാര്‍ റോഡരികിലെ മതിലിനു മുകളിലേക്ക് മറിച്ചിട്ടു. വിരണ്ടോടിയ ആന കുഴല്‍മന്ദം പഞ്ചായത്ത് ഓഫിസിന് എതിര്‍വശമുള്ള റോഡിന്റെ അരികിലെ ആറ് വീടുകളുടെ മതില്‍ തകര്‍ത്തു. അതിനുശേഷം കുഴല്‍മന്ദം സ്വദേശി മനോജിന്റെ കാര്‍ ആക്രമിച്ചു.
മയക്കുവെടി വിദഗ്ധന്‍ ഡോ എന്‍ പൊന്നുമണിയുടെ നേതൃത്വത്തില്‍ എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും മയക്കുവെടിവെക്കാതെ തന്നെ ഒന്നാം പാപ്പാന്റെ നേതൃത്വത്തില്‍ ആനയെ കൂച്ചുവിലങ്ങിട്ടു തളച്ചു. മദപ്പാടിന്റെ ലക്ഷണങ്ങളാണ് ഇടയാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.സംഭവത്തില്‍ വനം ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."