ലോക്ക്ഡൗണില്‍ പൂട്ടുവീണത് ആയിരത്തോളം കടകള്‍ക്ക്: ഇളവ് പ്രതീക്ഷിച്ച് വ്യാപാരികള്‍
മലപ്പുറം: കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അഞ്ചുമാസം പിന്നിടുമ്പോഴേക്കും കേരളത്തില്‍ പൂട്ട് വീണത് പതിനായിരത്തോളം വ്യാപാരസ്ഥാപനങ്ങള്‍ക്ക്. അവശ്യസാധനങ്ങളുടെ വ്യാപാരം മാത്രമാണ് നിലവില്‍ ചെറിയ ഇടിവുണ്ടെങ്കിലും സജീവമായിട്ടുള്ളത്. വസ്ത്ര, ആഭരണ വ്യാപാര മേഖലയില്‍ വന്‍ ഇടിവുണ്ടായി. ഇക്കാലത്ത് ആയിരം കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തലെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര 'സുപ്രഭാത'ത്തോട് പറഞ്ഞു.
ലോക്ക് ഡൗണ്‍ കാരണം താഴെത്തട്ടില്‍ നിന്നുള്ള കൃത്യമായ വ്യാപാരനഷ്ടവും മറ്റു കണക്കുകളും ലഭ്യമായിട്ടില്ല. ചില കടകള്‍ തല്‍ക്കാലത്തേക്കാണ് അടച്ചത്. എന്നാല്‍, എക്കാലത്തേക്കും അടച്ചിട്ട കടകള്‍ പതിനായിരത്തോളം വരുമെന്നും പൂര്‍ണമായ കണക്കുകള്‍ ലഭിക്കുമ്പോള്‍ എണ്ണം ഇതിനേക്കാള്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു.പെട്ടെന്നുള്ള ലോക്ക് ഡൗണ്‍ കാരണം ബേക്കറി കടകളടക്കമുള്ളതില്‍ ഭക്ഷ്യസാധനങ്ങള്‍ കാലപ്പഴക്കംമൂലം നശിച്ചതുള്‍പ്പെടെയുള്ള നഷ്ടങ്ങളും വിലയിരുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടികള്‍ രോഗവ്യാപനത്തിനെ പോലെ വ്യാപാരനഷ്ടത്തിനും കാരണമായിട്ടുണ്ടെന്ന പരാതിയും വ്യാപാരികള്‍ക്കുണ്ട്. നിലവില്‍ ഒരു പ്രദേശം കണ്ടോന്‍മെന്റ് ഏരിയയായി തിരിക്കുന്നത് അശാസ്ത്രീയമായാണ്.
ഇവിടെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നത് മൂന്നോ നാലോ മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ്. അതിനാല്‍ ഈ സമയത്ത് ആ പ്രദേശത്തെ ജനങ്ങളൊക്കെയും കടകള്‍ക്ക് മുന്നില്‍ വരിനില്‍ക്കും. സാധാരണ നിലയിലേത് പോലെ ഇവിടെയും കടകള്‍ തുറക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നുവെങ്കില്‍ ഇത്തരം തിരക്കും അതുവഴിയുള്ള സമ്പര്‍ക്കസാധ്യതയും ഇല്ലാതാക്കാമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
ഈ ലോക്ക് ഡൗണില്‍ രണ്ടു പെരുന്നാളും വിഷുവും ഉള്‍പ്പെടെ മൂന്നു വലിയ സീസണാണ് വ്യാപാരികള്‍ക്ക് നഷ്ടമായത്. ഇനി ഓണം സീസണിലെങ്കിലും ഇളവുകള്‍ നല്‍കി വിപണി സജീവമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം മുഖ്യമന്ത്രിയടക്കമുള്ളവരെ വിവിധ വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. രാത്രി പത്തുമണിവരെ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നീണ്ട സമയം ലഭിക്കുമ്പോള്‍ സമ്പര്‍ക്ക സാധ്യത അത്രയും കുറവായിരിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
അതേസമയം, ഓണസീസണ്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഓണവിപണി ഏറെക്കുറേ സജീവമായിട്ടുണ്ട്. പല പ്രധാന കടകളും തിരുവോണ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
കടകള്‍ക്കുള്ളിലേക്ക് പ്രവേശിക്കും മുന്‍പ് മാസ്‌കുകള്‍ അണിയാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും നിര്‍ദേശം നല്‍കാനായി മാത്രം ജീവനക്കാരെ പ്രധാന വ്യാപാരസ്ഥാപനങ്ങളെല്ലാം നിയമിച്ചിട്ടുണ്ട്. 10നും 60 നും ഇടയ്ക്ക് പ്രായമുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്ന ബോര്‍ഡ് വച്ചും ഇക്കാര്യം ഉറപ്പാക്കാനായി ജീവനക്കാരനെ വച്ചും വ്യാപാരസ്ഥാപനങ്ങള്‍ കൊവിഡ് ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."