കെടാമംഗലത്ത് വയോധികയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍
പറവൂര്‍: കെടാമംഗലത്ത് വയോധികയായ മത്സ്യക്കച്ചവടക്കാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കെടാമംഗലം കുടിയകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം പുഴക്കരികിലാണ് കുഴിച്ചുമൂടിയ നിലയില്‍ ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി കെടാമംഗലത്ത് താമസിച്ചുവരുന്ന കുഞ്ഞിത്തൈ കരയാം പട്ടം പരേതനായ ഷണ്മുഖന്റെ ഭാര്യ കാഞ്ചനവല്ലി(74) യുടെ മൃതദേഹമെന്നാണ് സംശയിക്കുന്നത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു. കാഞ്ചനവല്ലിയെ മൂന്നു ദിവസമായി വീട്ടിലും പരിസരത്തും കാണാതായിട്ട്. മകന്‍ സുരേഷിനൊപ്പമാണ് ഇവര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ മകന്‍ സുരേഷാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി മോഷണക്കേസിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറവൂര്‍ മൂകാംബിക ക്ഷേത്രവളപ്പില്‍ കിടന്നുറങ്ങിയിരുന്ന ലോട്ടറി വില്‍പ്പനക്കാരനെ തലക്കടിച്ചു പണം അപഹരിച്ച കേസിലും പ്രതിയാണിയാള്‍. നിരന്തര മദ്യപാനിയായ സുരേഷ് പണം ആവശ്യപ്പെട്ടും കാഞ്ചനവല്ലിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ കാഞ്ചനവല്ലിയുടെ സ്വര്‍ണമാലയും പൊട്ടിച്ചെടുത്തിരുന്നു.
വല്ലപ്പോഴും വീട്ടിലെത്തിയിരുന്ന സുരേഷ് ഇടക്കിടെ മാതാവിനെ വീട്ടിലെത്തി ശല്യം ചെയ്യാറുണ്ട്. സുരേഷിന്റെ ഭാര്യയും രണ്ട് മക്കളും എട്ട് വര്‍ഷത്തോളമായി ഇയാളില്‍ നിന്നും അകന്നുകഴിയുകയാണ്. പെസഹ വ്യാഴാഴ്ച രാത്രിയായിരിക്കാം സംഭവം നടന്നതെന്ന് കരുതുന്നത്. തീകൊളുത്തിയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്ന് സംശയിക്കുന്നു. കൃത്യത്തിന് ശേഷം കത്തിക്കരിഞ്ഞ ശരീരം വീടിന്റെ 50 മീറ്റര്‍ അകലെ പുഴക്കരയിലാണ് കുഴിച്ചിട്ടിരുന്നത്. പുഴയരിക് ആയതിനാല്‍ വേലിയേറ്റ സമയത്ത് മൃതദേഹം മുകളിലേക്ക് പൊങ്ങിവരികയും അസഹ്യമായ ദുര്‍ഗന്ധവും പരന്നതോടെ നാട്ടുകാരുടെ തിരച്ചിലിലാണ് മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയത്. പറവൂര്‍ പൊലിസെത്തി മനുഷ്യശരീരമെന്നു സ്ഥിരീകരിച്ചെങ്കിലും സമയം വൈകിയതിനാല്‍ മൃതദേഹം പുറത്തെടുത്തിട്ടില്ല. പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."