വസന്തകുമാറിന്റെ കുടുംബത്തിന് സാന്ത്വനവുമായി പ്രിയങ്കയെത്തി
കല്‍പ്പറ്റ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അവര്‍ വൈത്തിരിയില്‍നിന്നും റോഡ് മാര്‍ഗം വസന്തകുമാറിന്റെ തറവാട് വീടായ തൃക്കൈപ്പറ്റ വാഴക്കണ്ടി കുറുമ കോളനിയില്‍ എത്തിയത്. അരമണിക്കൂര്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്. വസന്തകുമാറിന്റെ അമ്മ ശാന്ത, ഭാര്യ ഷീന, മക്കളായ അനാമിക, അമര്‍ദീപ് എന്നിവരെ ആശ്വസിപ്പിച്ച പ്രിയങ്ക രാജ്യം മുഴുവന്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് പറഞ്ഞു.
ധീരയായ വനിതയാണ് ഷീനയെന്ന് പല തവണ പ്രിയങ്ക ആവര്‍ത്തിച്ചതായി അവരുടെ സംസാരം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സിവില്‍ സര്‍വിസ് ജേതാവ് ശ്രീധന്യാ സുരേഷ് പറഞ്ഞു. വസന്തകുമാര്‍ വീരമൃത്യു വരിച്ച് ഒരാഴ്ചക്കുള്ളില്‍ രാഹുല്‍ ഗാന്ധി വരുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് എസ്.പി.ജി തടസവാദം ഉന്നയിച്ചു. പിന്നീട് വയനാട്ടില്‍ പര്യടനത്തിനെത്തിയ പ്രിയങ്ക ഗാന്ധി ശനിയാഴ്ച ഉച്ചക്ക് വരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രാവിലെ എത്താന്‍ വൈകിയതിനാല്‍ പരിപാടികള്‍ക്ക് താമസം നേരിട്ടതിനാലാണ് സന്ദര്‍ശനം ഞായറാഴ്ചത്തേക്ക് മാറ്റിയത്. പൊലിസിന്റെ വിലക്ക് ലംഘിച്ച് തടിച്ചുകൂടിയ ആളുകളെയും നേരില്‍ കണ്ടാണ് പ്രിയങ്ക മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജിലെ ഹെലിപാഡിലേക്ക് പോയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എന്നിവരും പ്രിയങ്കക്കൊപ്പം വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."