പ്ലാസ്റ്റിക് കുപ്പത്തൊട്ടിയായി പാലക്കാട് നഗരസഭാകാര്യാലയം
പാലക്കാട്: പ്ലാസ്റ്റിക് നിരോധിച്ച നഗരസഭയില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു. പാലക്കാട് നഗരസഭയിലാണ് നിരോധിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭ ഓഫിസ് പരിസരത്ത് തന്നെ കുന്നുകൂട്ടി ഇട്ടിരിക്കുന്നത്. നഗരസഭയുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പ് പിടിച്ചെടുത്ത നിരോധിച്ച പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഒരാഴ്ചയോളമായി ഈ മാലിന്യങ്ങള്‍ ഇവിടെ കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട്. ഇനിയും മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ നഗരസഭാധികൃതര്‍ സ്വീകരിച്ചിട്ടില്ല.
പിടിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാനാവശ്യമായ സൗകര്യം നഗരസഭയ്ക്കില്ല. നഗരസഭ മാലിന്യങ്ങള്‍ ബി.പി.എല്ലിനടുത്തുളള മാലിന്യ സംസ്കരണ പ്ലാന്റില്‍ കൊണ്ടുപോയിടുകയാണ് ചെയ്യാറുള്ളത്. അവിടെനിന്നും മാലിന്യം വേര്‍തിരിച്ച് പ്ലാസ്റ്റിക് മാലിന്യം മാത്രം കോയമ്പത്തൂരിലെ ഒരു സൗകര്യകമ്പനിയ്ക്ക് നല്‍കുകയാണ് നഗരസഭ ചെയ്യുന്നത്. എന്നാല്‍ ഈ ഒരാഴ്ചയായി പിടിച്ചെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നില്ല. നൂറിലധികം പേരാണ് എന്നും ഓരോ ആവശ്യങ്ങള്‍ക്കായി ഈ നഗരസഭയിലേക്ക് എത്തുന്നത്. നിരോധിച്ച പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ഫ്യൂസായ ട്യൂബ് ലൈറ്റുകളും മറ്റു മാലിന്യങ്ങളും നഗരസഭ പരിസരത്തിനുള്ളില്‍ വിവിധയിടങ്ങളില്‍ കുന്നുകൂടി കിടക്കുന്നുണ്ട്. ജില്ലയില്‍ ഡെങ്കിപ്പനി, എച്ച്1എന്‍1 രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ ബോധവത്കരിക്കേണ്ട അധികാരികള്‍ തന്നെ ഇങ്ങനെ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."