സഹോദരിയെ തിരഞ്ഞെത്തിയ ബഷീറിന് കാണാനായത് ചേതനയറ്റ ശരീരം
കാസര്‍കോട്: ശ്രീലങ്കയിലുള്ള തന്റെ വീട്ടില്‍നിന്ന് 10 കിലോമീറ്റര്‍മാത്രം അകലെ, അവധിയാഘോഷിക്കാനെത്തിയ സഹോദരിയും ഭര്‍ത്താവും താമസിച്ചിരുന്ന ഹോട്ടലില്‍ സ്‌ഫോടനം നടന്ന വിവരം നടുക്കത്തോടെയാണ് ബഷീര്‍ കേട്ടത്. എന്നാല്‍ സഹോദരിയായ റസീനയുടെ ഭര്‍ത്താവ് ഖാദറിന് യു.എ.യിലെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടതിനാല്‍ അവര്‍ റൂം വെക്കേറ്റ് ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് ഖാദര്‍ യു.എ.ഇലേക്കുള്ള ഫ്‌ളൈറ്റില്‍ മടങ്ങിയിട്ടും ഹോട്ടലില്‍നിന്ന് അധികം ദൂരത്തല്ലാതെയുള്ള തന്റെ വീട്ടിലേക്ക് സഹോദരി ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ ആധി ഇരട്ടിച്ചു. ഫോണില്‍ ബന്ധപ്പെടാനും പറ്റുന്നില്ല. ഒടുവില്‍ ഹോട്ടലിലെ സ്‌ഫോടനത്തില്‍ പരുക്കേറ്റവരെയും മരണമടഞ്ഞവരേയും എത്തിച്ച ആശുപത്രിയിലേക്ക് പാഞ്ഞ ബഷീറിന് തിരച്ചിലിനൊടുവില്‍ കാണാനായത് പ്രിയ സഹോദരിയുടെ ചേതനയറ്റ ശരീരമാണ്.
ഇന്നലെ കൊളംബോയിലെ ഷാങ്ഹായ് റസ്റ്ററന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിനി പി.എസ് റസീനയെയാണ് ഭര്‍ത്താവ് യു.എ.യിലേക്ക് പറന്നതിനു പിന്നാലെ മരണം തട്ടിയെടുത്തത്. കൊളംബോയില്‍ ബിസിനസ് നടത്തിയിരുന്ന പരേതരായ പി.എസ് അബ്ദുല്ല - സക്കിയാബി ഷംനാട് എന്നിവരുടെ മകളായ റസീന സൂറത്കല്‍ കൂളായി സ്വദേശി ഖാദറിനെ വിവാഹം ചെയ്തതോടെ മംഗളൂരുവിലായിരുന്നു താമസം. റസീനയുടെ മക്കളായ ഖാന്‍ഫര്‍, ഫറ എന്നിവര്‍ അമേരിക്കയില്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്തു വരികയാണ്. ഇവരുടെ കുടുംബങ്ങളും അമേരിക്കയിലാണ്. റസീന ഇടയ്ക്കിടെ ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലും ശ്രീലങ്കയിലും പോവുകയും അവിടെ താമസിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.
കൊളംബോയില്‍ ബിസിനസ് നടത്തിയിരുന്ന ഇവരുടെ പിതാവ് പി.എസ് അബ്ദുല്ല മൂന്നു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് മൂന്നു മാസത്തിനകം റസീനയുടെ മാതാവ് സക്കിയാബിയും മരിച്ചു. പിതാവിന്റെ വിയോഗത്തോടെ കൊളംബോയിലെ ബിസിനസ് സഹോദരന്‍ ബഷീര്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. ഭര്‍ത്താവിനൊപ്പം അവധി ആഘോഷിക്കുന്നതിന് വേണ്ടി യാത്രപോയ റസീന ഇന്നലെ രാവിലെ ഭര്‍ത്താവ് കൊളംബോയില്‍നിന്ന് യു.എ.യിലേക്ക് പോയതോടെ ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍നിന്ന് സഹോദരന്‍ ബഷീറിന്റെ വീട്ടിലേക്കു പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്‌ഫോടനം നടന്നത്.
ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള റൂമിലാണ് റസീനയും ഭര്‍ത്താവും താമസിച്ചിരുന്നത്. സ്‌ഫോടനം നടക്കുന്നതിന് മുന്‍പായി ഇവര്‍ മുറി ഒഴിഞ്ഞു ബന്ധു വീട്ടിലേക്കു പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റസീന അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന ആശ്വാസത്തിലായിരുന്നു കുടുംബാംഗങ്ങള്‍. അതിനിടെ താമസിച്ചിരുന്ന ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള റസ്റ്ററന്റില്‍ റസീന പ്രഭാത ഭക്ഷണം കഴിക്കുന്നതിനു വേണ്ടി കയറിയതായുള്ള വിവരം സഹോദരന് ലഭിച്ചിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഇവര്‍ വീട്ടിലെത്താതെ വരികയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതാവുകയും ചെയ്തതോടെയാണ് സഹോദരന്‍ ബഷീര്‍ ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റവരെയും മരിച്ചവരെയും എത്തിച്ച ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് റസീനയുടെ മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."