ശിരുവാണി ഡാം വികസനം; കോടികള്‍ പാഴാകുന്നു
പാലക്കാട്: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ശിരുവാണിഡാം പദ്ധതിയുടെ വികസനത്തിനുള്ള കോടികള്‍ ചെലവഴിക്കാനാവാതെ പാഴാകുന്നു. അന്തര്‍സംസ്ഥാന നദീജലക്കരാര്‍ നിലനില്‍ക്കുന്ന ശിരുവാണിഡാം പദ്ധതിയുടെ ഭാഗമായി ഓരോവര്‍ഷവും കോടികളാണ് കേരളത്തിന് തമിഴ്‌നാട് കൈമാറുന്നത്. തമിഴ്‌നാട് നല്‍കുന്ന ഈ പണം ഉപയോഗിക്കുന്നതിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനോ സര്‍ക്കാരുകളുടെ അനുമതി വാങ്ങുന്നതിനോ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
വര്‍ഷത്തില്‍ രണ്ടുതവണയാണ് തമിഴ്‌നാട്, കേരളസര്‍ക്കാര്‍ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് അടുത്ത ആറുമാസത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണക്കാക്കി അനുവദിക്കുക. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ ചേര്‍ന്ന ജോയിന്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ യോഗത്തില്‍ ശിരുവാണി ഡാമിന്റെയും പാര്‍ശ്വ റോഡിന്റെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും എച്ച്.ആര്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനും മെഷര്‍മെന്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ചെക്ക്‌പോസ്റ്റില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുമായി 12 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ കാര്യമായ പദ്ധതി ആസൂത്രണങ്ങളൊന്നും നടത്തിയിട്ടില്ല. ചെക്ക് പോസ്റ്റുകളിലും ഇന്‍ടേക്കിലും മറ്റും കാവല്‍നില്‍ക്കുന്ന എച്ച്.ആര്‍ തൊഴിലാളികള്‍ക്ക് ആറുമാസമായി ശമ്പളം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ല.
ജലസേചനവകുപ്പില്‍ നിലവില്‍ ഒരു ക്ലര്‍ക്കും പ്യൂണും ഒരു വര്‍ക്കറുമാണ് ഉള്ളത്. ഉന്നത ഉദ്യോഗസ്ഥരെല്ലാം അഡീഷണല്‍ ചാര്‍ജുള്ളവരാണ്. ഇപ്പോള്‍ ചാര്‍ജിലുള്ളവരടക്കം 16 പേരാണ് ശിരുവാണിയിലുള്ളത്. 30 ഉദ്യോഗസ്ഥരെങ്കിലും ഉണ്ടെങ്കിലേ ശിരുവാണിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി കൊണ്ടുപോകാനാവൂ.
കഴിഞ്ഞവര്‍ഷം ഏകദേശം അഞ്ചുകോടിയുടെ മരാമത്തു ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ഉദ്യോഗസ്ഥരുടെ അഭാവം മൂലം സമയത്ത് പ്രോജക്റ്റുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാനോ അനുമതി വാങ്ങിയെടുക്കാനോ കഴിയുന്നില്ല. കനത്ത മഴയില്‍ ശിരുവാണി ഡാമിന്റെ വശം തകര്‍ന്നത് നന്നാക്കാന്‍ അനുമതിയും തുകയും കിട്ടിയത് ഒന്നരവര്‍ഷം കഴിഞ്ഞാണ്.
ഡാമിന്റെ നിയന്ത്രണം പാലക്കാട് കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ശിരുവാണി ഡാമില്‍നിന്ന് കോയമ്പത്തൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിന്റെ ഭാഗമായി കരാര്‍ അനുസരിച്ച് 22 കിലോമീറ്റര്‍ വരുന്ന ഇടക്കുറുശ്ശി പാലക്കയം ശിരുവാണി റോഡിന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് നല്‍കുന്നത്.
തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ഈ തുക ചെലവഴിക്കാനായില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ വിഹിതം കുറയ്ക്കാനുള്ള ശ്രമം അവരുടെ ഭാഗത്തു നിന്നുണ്ടാകും. ഇതിനിടയിലാണ് വനംവകുപ്പും ജലസേചനവകുപ്പും തമ്മിലുള്ള ശീതസമരങ്ങള്‍ ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."