കേന്ദ്രഭരണം മാത്രമല്ല; കേരളഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാണ് തെരഞ്ഞെടുപ്പ്
? തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ യു.ഡി.എഫ് സാധ്യതകളെ എങ്ങനെയാണ് വിലയിരുത്തുന്നത്.?
= കേരളത്തിലെ 20 മണ്ഡലങ്ങളിലും വളരെ പ്രതീക്ഷ നല്‍കുന്ന കാഴ്ചകളാണ്. ഈ തെരഞ്ഞെടുപ്പിന്റെ ദേശീയ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫ് പ്രചാരണത്തിന് കഴിഞ്ഞു. രണ്ട് കാര്യങ്ങളാണ് യു.ഡി.എഫ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. ഒന്ന് ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയുടെ ഭരണം ഇനി തുടരുന്നത് രാജ്യത്തിന് അപകടരമാണ്. അതുകൊണ്ട് മോദിയെ ഇനി അധികാരത്തില്‍ വരാത്തവിധം പുറന്തള്ളണമെന്നത് മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കണം. അതിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. ഈ യാഥാര്‍ഥ്യം ഈ രാജ്യത്തെ ജനാധിപത്യ മതേതരപ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടാമത്തെ വിഷയം ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പ്രബലമായ പ്രാദേശിക കക്ഷികള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ പോലും സി.പി.എമ്മിനും സി.പി.ഐക്കും ലഭിക്കില്ലെന്നിരിക്കേ എന്തിന് അവരെ വിജയിപ്പിക്കണം. 2014 ല്‍ 90 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് ഒന്‍പത് പേരെയാണ് വിജയിപ്പിക്കാനായത്. ഇപ്പോള്‍ മത്സരിക്കുന്നതാകട്ടെ അന്‍പതോളം സീറ്റുകളില്‍ മാത്രം. അതുകൊണ്ടുതന്നെ ബി.ജെ.പിക്കെതിരേയുള്ള ബദലിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് പ്രബുദ്ധരായ കേരള ജനത വിലയിരുത്തും.
? പ്രചാരണരംഗത്ത് വികസനത്തേക്കാള്‍ വിവാദങ്ങള്‍ക്ക് പ്രധാന്യം കൂടിയതായി തോന്നുന്നുണ്ടോ ?
= വികസന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. യു.ഡി.എഫ് തുടക്കം മുതല്‍ തന്നെ പ്രചാരണരംഗത്ത് ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനദ്രോഹനയങ്ങളും നിലപാടുകളും തന്നെയാണ്. വിവാദവിഷയങ്ങള്‍ പ്രചാരണരംഗത്ത് ആകസ്മികമായി സംഭവിക്കുന്നതാണ്. കേന്ദ്രഭരണം വിലയിരുത്തുന്നതിനൊപ്പം കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളെല്ലാം വികസനത്തില്‍ ഊന്നിത്തന്നെയാണ് പ്രചാരണം നടത്തുന്നത്. പ്രളയകാലത്ത് വലിയ ദുരന്തം അനുഭവിക്കേണ്ടിവന്നവരാണ് ചാലക്കുടിക്കാര്‍. പെരിയാറും ചാലക്കുടി പുഴയും കവിഞ്ഞൊഴുകിയതിലൂടെ ആഘാതം ചാലക്കുടിയിലെ ആറ് നിയമസഭാമണ്ഡലങ്ങളും നേരിട്ടതാണ്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ പോയത് നമുക്ക് അനുഭവമാണ്. കേരളത്തിലെ ക്രമസമാധാന തകര്‍ച്ച വലിയൊരു ദുരന്തമാണ്. കൊലയാളികളെ മഹത്വവല്‍ക്കരിച്ച് രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ നല്‍കുന്നത് സമാധാന അന്തരീക്ഷത്തിന് വെല്ലുവിളിയാണ്. കേരളത്തെ പിന്നോട്ടുനയിച്ച ആയിരം ദിവസങ്ങളാണ് കടന്നുപോയത്. കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. വികസനനേട്ടങ്ങള്‍ പറയാനില്ലാത്തതിനാല്‍ വര്‍ഗീയത വീണ്ടും പുറത്തെടുക്കുകയാണ് ബി.ജെ.പി. ഈ തെരഞ്ഞെടുപ്പില്‍ വ്യക്തികളും പാര്‍ട്ടികളും തമ്മിലല്ല മത്സരം. മതേതരത്വവും വര്‍ഗീയതയും തമ്മിലും ജനാധിപത്യവും ഫാസിസവും തമ്മിലും മഹാത്മാഗാന്ധിയുടെ ഓര്‍മകളും ഗോഡ്‌സെയുടെ ഓര്‍മകളും തമ്മിലുമാണ് ഏറ്റുമുട്ടുന്നത്.
? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് എതിരാളികള്‍ പ്രചാരണ ആയുധമാക്കിയതിനെ എങ്ങനെ വിലയിരുത്തുന്നു ?
= കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തിയതിനെ ഇടതുപക്ഷവും ബി.ജെ.പിയും ഒരുപോലെ ഭയപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തിന് ലഭിച്ച അംഗീകാരമാണ്. രാജ്യത്തെ ദക്ഷിണേന്ത്യയെന്നും ഉത്തരേന്ത്യയെന്നും വിഭജിച്ച് ഭരിക്കാന്‍ ഇഷ്ടപ്പെടുന്ന ബി.ജെ.പിക്ക് ശക്തമായ മറുപടിയാണ് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം. കേരളത്തിലെ ശക്തവും കെട്ടുറപ്പുമുള്ള മുന്നണിയുടെ ലേബലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കാനെത്തിയപ്പോള്‍ സ്വാഭാവികമായും ഇടതുപക്ഷം ഭയപ്പെട്ടു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്തെ 20 സീറ്റിലും ആവേശം സൃഷ്ടിച്ചിരിക്കുന്നു. വയനാടിനെ അധിക്ഷേപിക്കുന്ന രീതിയിലാണ് ബി.ജെ.പി പ്രചാരണം. ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ അവര്‍ക്ക് ലഭിക്കും. ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുക. രാഹുലിന്റെ വരവോടെ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു.
? പ്രചാരണരംഗത്ത് പിന്നാക്കം പോയത് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരാതിയുമായി വന്നത് വലിയൊരു വീഴ്ചയല്ലേ ?
സ്ഥാനാര്‍ഥികള്‍ ആരും പരാതിയുമായി സമീപിച്ചിട്ടില്ല. പ്രചാരണ രംഗത്തെ പോരായ്മകള്‍ അപ്പപ്പോള്‍ ചൂണ്ടിക്കാട്ടുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ തിരുവിതാംകൂര്‍ ഭാഗത്ത് മലബാറിനെയും മധ്യകേരളത്തെയും അപേക്ഷിച്ച് പൊതുവെ തെരഞ്ഞെടുപ്പ് ആരവം കുറവാണ്. രാഹുല്‍ ഗാന്ധി കൂടി സ്ഥാനാര്‍ഥിയായതോടെ മലബാര്‍ മേഖലയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിന്റെ കൊടുമുടിയിലാണ്. ഓരോ പ്രദേശത്തെ രാഷ്ട്രീയപ്രചാരണ രീതികളും കൂടി പരിഗണിക്കണം. തിരുവനന്തപുരത്ത് ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് സംവിധാനം ബൂത്ത് തലം വരെ സജീവമാണ്. തെരഞ്ഞെടുപ്പ് ആരവം മാത്രമല്ല വിജയത്തിന് കാരണം. ഓരോ വീടും കയറി വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള ബുത്ത്തല പ്രവര്‍ത്തനമാണ് യു.ഡി.എഫ് കാഴ്ചവയ്ക്കുന്നത്.
? തിരുവനന്തപുരത്ത് ബി.ജെ.പിയുമായി കോണ്‍ഗ്രസ് ഒത്തുകളിക്കുന്നെന്ന ആരോപണം ഇടതുമുന്നണി ഉന്നയിക്കുന്നുണ്ടല്ലോ?
= എന്തൊരു യുക്തിരഹിതമായ ആരോപണമാണിത്. സത്യത്തില്‍ നീക്കുപോക്ക് നടത്തുന്നത് ആരാണെന്ന്് ഒന്നുചിന്തിച്ചാല്‍ വ്യക്തമാകും. ഞങ്ങള്‍ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് മോദിയെയാണ്. അപ്പോള്‍ മോദിക്ക് കൈപൊക്കാന്‍ സാധ്യതയുള്ള ഒരാള്‍ ജയിക്കുവാന്‍ കോണ്‍ഗ്രസ് എങ്ങനെ ചിന്തിക്കും. ഒരാള്‍ പോലും മോദിക്ക് അനുകൂലമായി പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്ന് ഉണ്ടാകില്ല. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരുടെ എണ്ണം കുറയ്‌ക്കേണ്ടത്് ബി.ജെ.പിയുടെ ആവശ്യമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടര്‍ സി.പി.എമ്മാണ്്. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കിയാലും അവയൊക്കെ നിഷ്പ്രഭമാക്കുന്ന വ്യക്തിത്വം ശശി തരൂരിനുണ്ട്. 20 സീറ്റിലും ജയിക്കണം എന്നാണ് യു.ഡി.എഫ് ആഗ്രഹം.
? മുന്നണി നേതാവ് എന്നതിന് ഉപരി സ്ഥാനാര്‍ഥി എന്ന നിലയിലുള്ള വിലയിരുത്തല്‍ എങ്ങനെയാണ് ?
= ചാലക്കുടി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ പൂര്‍ണ സംതൃപ്തനും സന്തോഷവാനുമാണ്. ആകസ്മികമായി അസുഖം ബാധിച്ചതിനാല്‍ സജീവപ്രചാരണരംഗത്ത്് നിന്ന് കുറച്ചുദിവസം മാറിനില്‍ക്കേണ്ടിവന്നു. ആ സന്ദര്‍ഭത്തില്‍ സ്ഥാനാര്‍ഥിയുടെ അഭാവം അറിയിക്കാത്ത തരത്തിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും കാഴ്ചവച്ചത്. ചികിത്സയ്ക്കുശേഷം മണ്ഡലത്തില്‍ എത്തിയപ്പോള്‍ ലഭിച്ച സ്വീകരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. റോഡ് ഷോകളിലെയും കുടുംബസംഗമങ്ങളിലെയും ബഹുജനപങ്കാളിത്തം ഏറെ ആവേശം നല്‍കുന്നതാണ്. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊള്ളയായ വാദങ്ങള്‍ തുറന്നുകാട്ടാനും ശക്തമായപ്രവര്‍ത്തനം ഓരോ മേഖലയിലും മുന്നോട്ട് കൊണ്ടുപോകാനും യു.ഡി.എഫിന് കഴിഞ്ഞു. ചാലക്കുടിയിലെ 1750 കോടിയുടെ വികസനം എന്ന ഇടതുമുന്നണിയുടെ അവകാശവാദം പൊരുത്തപ്പെടുന്നതല്ല. വസ്തുത നിരത്തി യു.ഡി.എഫ് എം.എല്‍.എമാര്‍ ഉന്നയിച്ച ആരോപണം ചാലക്കുടി എം.പിയോ ഇടതുമുന്നണിയോ നിഷേധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സാധാരണ എം.പിമാര്‍ അവരുടെ ഫണ്ട് ചെലവഴിച്ചതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ചാലക്കുടിയില്‍ കിഫ്ബി, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും നിരവധി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ശബരിപാത എന്നിവയെല്ലാം സ്വന്തം നേട്ടമാക്കി ഉയര്‍ത്തിക്കാട്ടി. പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികള്‍ പോലും സ്വന്തം നേട്ടമായി അവതരിപ്പിച്ചു. 1750 കോടിയുടെ സത്യാവസ്ഥ ചോദ്യം ചെയ്തതിനു വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ജനങ്ങളുടെ പ്രതികരണം മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നതിന്റെ ഉറപ്പാണ്.
? മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ സംസ്ഥാനതലത്തിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ക്രമീകരിക്കാന്‍ കഴിഞ്ഞു ?
= മറ്റുമണ്ഡലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിപ്പെടാനുള്ള സാഹചര്യം ഇല്ലാതെ പോയെങ്കിലും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അപ്പപ്പോള്‍ ചര്‍ച്ചചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട് ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും ഉള്‍പ്പെടെ എല്ലാ യു.ഡി.എഫ് കക്ഷികളുടെയും നേതാക്കള്‍ നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൂടുതല്‍ ഊര്‍ജസ്വലമാക്കിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ മാണിസാറിന്റെ വേര്‍പാട് യു.ഡി.എഫിന് വലിയൊരു നഷ്ടമായി. യു.ഡി.എഫിനെ ശക്തിപ്പെടുത്താനായി എല്ലാ കക്ഷികളും ഒരുമിച്ച് മുന്നേറുന്ന കാഴ്ചയാണ് 20 മണ്ഡലങ്ങളിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."