തിരുവനന്തപുരത്ത് ആന്റണിയുടെ റോഡ് ഷോ തടഞ്ഞു
തിരുവനന്തപുരം: ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ആവേശത്തിരയിളക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥിതി സംഘര്‍ഷഭരിതമായിട്ടും പൊലിസ് ഇടപെട്ടില്ല. റോഡ് ഷോക്ക് പൊലിസ് അനുമതിയില്ലെന്നാരോപിച്ചാണ് എല്‍.ഡി.എഫ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
ഇന്നലെ വൈകിട്ട് 3.45ന് തിരുവനന്തപുരം തുമ്പയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വേളിയിലെത്തിയപ്പോഴാണ് ആക്രോശവുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിനുനേരേ ചാടിവീണത്. പ്രചാരണ വാഹനം തടഞ്ഞിട്ട പ്രവര്‍ത്തകര്‍ വാഹനം കടത്തിവിടില്ലെന്ന് കര്‍ശന നിലപാടെടുത്തു. സംഘര്‍ഷ സ്ഥിതി ഉണ്ടായിട്ടും പൊലിസ് ഇടപെടലുണ്ടായില്ല.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിരോധമുയര്‍ത്തിയെങ്കിലും നേതാക്കളുടെ ഇടപെടല്‍ സംഘര്‍ഷമൊഴിവാക്കി. തുടര്‍ന്ന് സ്ഥാനാര്‍ഥി ശശി തരൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ആന്റണിക്ക് സംരക്ഷണമൊരുക്കി ഒരു കിലോമീറ്ററോളം കാല്‍നടയായി പിന്നിട്ടശേഷം റോഡ് ഷോ പുനരാരംഭിച്ചു.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണിതെന്ന് എ.കെ ആന്റണി പിന്നീട് പ്രതികരിച്ചു. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടെന്നും തനിക്ക് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ആന്റണി ചോദിച്ചു. റോഡ് ഷോക്ക് മുന്‍കൂര്‍ അനുമതി നേടിയിരുന്നെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.സ്ഥാനാര്‍ഥി ശശി തരൂരും വി.എസ് ശിവകുമാര്‍ എം.എല്‍.എയും ആന്റണിക്കൊപ്പം പ്രചാരണ വാഹനത്തിലുണ്ടായിരുന്നു. ബീമാപ്പള്ളിയില്‍ സമാപിച്ച റോഡ് ഷോയില്‍ ഇരുചക്രവാഹനങ്ങളും കാറുകളും ഉണ്ടായിരുന്നു.
ആന്റണിക്കുനേരേ നടന്നത്
സി.പി.എം ഗുണ്ടായിസം:
കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: പൊലിസ് ഒത്താശയോടെ അഴിഞ്ഞാടിയ സി.പി.എം ഗുണ്ടായിസമാണ് തിരുവനന്തപുരത്ത് അരങ്ങേറിയതെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
എ.കെ ആന്റണി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ വാഹന വ്യൂഹത്തിനു നേരെ അക്രമം അഴിച്ചുവിട്ട സി.പി.എമ്മിന്റെ കിരാത നടപടി അപലപനീയമാണ്. പരാജയഭീതി മൂലം അക്രമം കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസ് ഒത്താശയോടെയാണ് സി.പി.എം അക്രമം നടത്തിയതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."