ഇനി അടിയൊഴുക്കിന്റെ കണക്കെടുപ്പ്
കൊച്ചി: തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ പാര്‍ട്ടികള്‍ അടിയൊഴുക്കിന്റെ കണക്കെടുപ്പിലേക്ക് കടന്നു. കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികളും അണികളും. സംസ്ഥാന ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ശക്തമായ അടിയൊഴുക്കുകളാണ് ഇക്കുറി ദൃശ്യമാകുന്നത്. സോഷ്യല്‍ മീഡിയ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ തെരഞ്ഞെടുപ്പില്‍ പുതിയ തലമുറയുടെ മനസ് എങ്ങോട്ട് ചായുമെന്ന് ഇനിയും വ്യക്തമല്ല.
തെരഞ്ഞെടുപ്പില്‍ പണമൊഴുക്ക് സംബന്ധിച്ച് മുമ്പും ആരോപണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇക്കുറി പതിവിലേറെ ശക്തമായ ആരോപണമാണ് ഉയരുന്നത്. വോട്ടിന് നോട്ട് കൊടുക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെത്തന്നെ രംഗത്തിറക്കിയിട്ടുണ്ടെന്ന ആരോപണവുമായി ഉമ്മന്‍ ചാണ്ടിയെപ്പോലെ മുതിര്‍ന്ന നേതാക്കള്‍തന്നെ രംഗത്തെത്തിയത് അസാധാരണ സംഭവമാണ്. ആരോപണത്തില്‍ ഒതുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്.
നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് പണമൊഴുകും എന്ന സൂചനയാണ് പുറത്തുവരുന്നത്. ആചാരവിശ്വാസങ്ങള്‍ പ്രചാരണ വിഷയമായ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ശബരിമല വിവാദം പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വേദികളില്‍ ഏറ്റവുമധികം മുഴങ്ങിയത് ശബരിമലയും ആചാരസംരക്ഷണവുമാണ്. സമൂഹ മാധ്യമങ്ങളിലും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും അതുതന്നെ. സ്ത്രീ വോട്ടര്‍മാരില്‍ ഇത് എന്ത് ചലനമുണ്ടാക്കി എന്ന ആകാംക്ഷയിലാണ് മുന്നണികള്‍. താഴേത്തട്ടില്‍ വനിതാ പ്രവര്‍ത്തകരെ നിയോഗിച്ച് സ്ത്രീ വോട്ടര്‍മാരുടെ മനസറിയാനുള്ള ശ്രമവും മുന്നണികള്‍ നടത്തിയിരുന്നു. ഇനിയും മനസ് തുറക്കാത്ത സ്ത്രീ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ എങ്ങനെ പ്രതികരിക്കും എന്നതും ജയപരാജയങ്ങളുടെ ഗതി നിര്‍ണയിക്കും. അതുകൊണ്ടുതന്നെ സ്ത്രീ വോട്ടുകളുടെ അടിയൊഴുക്കിലും കണക്കുകൂട്ടല്‍ തകൃതിയാണ്.
പ്രബല ജാതി സംഘടനകളുടെ നീക്കത്തിലും മുന്നണികള്‍ പ്രതീക്ഷ പുലര്‍ത്തുന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സംഘടനകളുടെ വോട്ടുകളില്‍ ഒരേപോലെ യു.ഡി.എഫും എന്‍.ഡി.എയും പ്രതീക്ഷ വയ്ക്കുമ്പോള്‍, തങ്ങളുടെ ഉറച്ച പ്രവര്‍ത്തകരുടെ വോട്ട് മറിയില്ലെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്ക്. ജാതിവോട്ടുകളുടെ അടിയൊഴുക്കിന്റെ കണക്കെടുപ്പും നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് നടക്കും. ഒരു വിഭാഗം പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ചുമതലയുള്ള വാര്‍ഡുകളിലെ വീടുകളില്‍ അവസാനവട്ട സന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കും. മുതിര്‍ന്ന നേതാക്കള്‍ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള പരിശ്രമത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."