മോദിക്കെതിരേ റെഡി
മുട്ടില്‍(വയനാട് ): വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാന്‍ താന്‍ റെഡിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയ രംഗത്ത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ച പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാതിരിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രഖ്യാപനം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വാരണാസിയില്‍ മത്സരിക്കുന്നതില്‍ തനിക്ക് താല്പര്യക്കുറവില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.
വീരജവാന് ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
അധികാരത്തിലെത്താനുള്ള തെരഞ്ഞെടുപ്പല്ല; മറിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഇതിനുവേണ്ടിയാണ് യു.പി.എ രാജ്യത്താകമാനം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താനായിരിക്കണം ഓരോ വോട്ടും. വിഭജിച്ച് ഭരിക്കാനുള്ള തന്ത്രമാണ് ബി.ജെ.പിയുടേത്. അത് പരാജയപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും കേരളത്തില്‍ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു.
കഴിഞ്ഞ മാസം സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹം ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."