മരണത്തിന്റെ കണക്ക് പുസ്തകം
കൊവിഡ്, പ്രകൃതി ദുരന്തങ്ങള്‍, ഇതര അപകടങ്ങള്‍ എന്നിവ മൂലം മരണമടയുന്നവരുടെ കൃത്യമായ കണക്കുകള്‍ നമ്മുടെ മാധ്യമങ്ങള്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍, സ്വാഭാവികമായ മരണത്തിന് കീഴ്‌പെടുന്നവരെ കുറിച്ച് ഇത്തരം കണക്കുകള്‍ പലരും ഉദ്ധരിക്കാറില്ല. ഉദാഹരണത്തിന് മൂന്നരക്കോടി ജനങ്ങളുള്ള നമ്മുടെ കേരളത്തില്‍ ആയിരത്തോളം സ്വാഭാവിക മരണങ്ങള്‍ ദിനേന നടക്കുന്നുണ്ട്. നമ്മുടെ ദിനപത്രങ്ങളുടെ വേര്‍പാട് പേജ് നോക്കിയാല്‍ ഈ വസ്തുത ബോധ്യമാവും. ഇത്രയും പേര്‍ ദിനംപ്രതി ജനിക്കുന്നുമുണ്ടാവും. നമ്മുടെ വീട്ടുമുറ്റത്തുള്ള നിത്യ തണല്‍ നല്‍കുന്ന മരത്തെക്കുറിച്ച് ഓര്‍ക്കാം. എന്നും പച്ചപിടിച്ച് നില്‍ക്കുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോവുന്നുണ്ടെന്നതാണ് അനുഭവം. കരിയിലകളായി ഇവയെ നാം ചൂഷണം ചെയ്യുന്നുമുണ്ട്. എന്നാല്‍, പുതിയ വൃക്ഷത്തിന്റെ സാന്നിധ്യം കാരണം നമുക്ക് നിത്യ തണല്‍ ലഭിക്കുന്നുവെന്നതാണ് വസ്തുത.
പത്ത് വര്‍ഷത്തോളം ഞാന്‍ സേവനം ചെയ്ത ഒരു പ്രദേശത്ത് കാല്‍ നൂറ്റാണ്ടിന് ശേഷം സന്ദര്‍ശിച്ചപ്പോള്‍ വല്ലാത്തൊരു പ്രയാസമാണ് തോന്നിയത്. കാരണം എന്റെ അക്കാലത്തെ സഹയാത്രികര്‍ പലരും ഇന്നില്ല. ഉള്ളത് അവരുടെ മക്കളോ പേരമക്കളോ മാത്രം. സ്വന്തം നാട്ടില്‍ ഇത്തരം ഒരു കണക്കെടുപ്പ് പലരും നടത്താറില്ലെന്ന് മാത്രം. തൊള്ളായിരത്തി അറുപതുകളില്‍ ജാമിഅ നൂരിയ്യയില്‍ പഠിക്കുമ്പോള്‍ സ്ഥാപനത്തിന്റെ ആദ്യകാല ശില്‍പികളുടെ നിറസാന്നിധ്യമായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആ കൂട്ടത്തില്‍ ഒരാള്‍ പോലും ഇന്നുണ്ടോ സംശയമാണ്. അന്നത്തെ ഗുരുവര്യരില്‍ ഒരാളും ഇന്നില്ലെന്നത് നിസ്സംശയം. തൊള്ളായിരത്തി എമ്പതുകളില്‍ സുന്നി രംഗത്ത് അരങ്ങേറിയ നിര്‍ഭാഗ്യ സംഭവങ്ങള്‍ക്ക് സാക്ഷികളായ മുശാവറ മെമ്പര്‍മാര്‍ എത്ര പേര്‍ ഇന്നുണ്ട്. നമ്മുടെ അയല്‍പക്കങ്ങള്‍ ശ്രദ്ധിക്കുക, ഇന്നുള്ളവര്‍ കഴിഞ്ഞ തലമുറയെ ഓര്‍ക്കാറുണ്ടോ. അതിന് മുമ്പുള്ളവരെ എത്ര പേര്‍ക്കറിയാം. വീട്ടു മുറ്റത്ത് കായ്ച്ച് നില്‍ക്കുന്ന മരങ്ങളെ കുറിച്ച് അഭിമാനബോധമുള്ളവര്‍ പോലും അത് വെച്ച് പിടിപ്പിച്ചവരെ ഓര്‍ക്കാറില്ല.
മുആദ് (റ)നെ യമനിലേക്ക് യാത്ര അയയ്ക്കവേ നബി തിരുമേനി പറഞ്ഞു; മുആദ്, താങ്കള്‍ തിരിച്ചുവരുമ്പോള്‍ ഞാനുണ്ടാവില്ല. എന്നാല്‍ എന്റെ ഖബറും ഈ പള്ളിയും ഇവിടെയുണ്ടാവും'. വ്യക്തികള്‍ വിടപറയും. സ്ഥാപനങ്ങളും സംവിധാനങ്ങളും ബാക്കി നില്‍ക്കുമെന്ന വലിയ സന്ദേശമാണ് പ്രവാചകന്‍ ഇതിലൂടെ നല്‍കുന്നത്. ഗ്രന്ഥങ്ങളുടെ രചയിതാക്കള്‍ നമുക്ക് ചുറ്റും ഇന്നും ജീവിക്കുന്ന അനുഭവമാണല്ലോ നമുക്കുള്ളത്. ഇതെല്ലാം ഓര്‍ത്ത് നാം നിഷ്‌ക്രിയരാവണമെന്നല്ല പറയുന്നത്. പാമ്പിനെ പേടിച്ച് ഓടുന്നവര്‍ക്ക് അതൊരു രക്ഷാമാര്‍ഗ്ഗം തന്നെയാണ്. എന്നാല്‍, മരണത്തില്‍ നിന്നുള്ള ഓട്ടം മരണത്തിന്റെ മുന്നിലേക്ക് എത്തിക്കും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത് (അല്‍ മുനാഫിഖൂന്‍).
നബാതി ഖുത്ബയില്‍ ഉണര്‍ത്തുന്ന ചില വസ്തുതകള്‍ കൂടി പറയട്ടെ. ചിന്തിക്കേണ്ടവന്‍ ചിന്താവിഷയമാവുന്നതിന്റെ മുമ്പ്, ഖബറടക്കുന്നവന്‍ അടക്കപ്പെടുന്നവനാവും മുമ്പ്, സംസാരിക്കുന്നവന്‍ സംസാരവിഷയമാവും മുമ്പ് ജാഗ്രത പുലര്‍ത്തുക'. ഭൗതിക ലഹരിയില്‍ മതിമറന്ന് നെട്ടോട്ടമോടുന്നവര്‍ ഓര്‍ക്കുക. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രജ്ഞനായ നബി തിരുമേനിയുടെ വാക്കുകള്‍; മനുഷ്യന്‍ എന്റെ ധനം, എന്റെ ധനം എന്ന് വിലപിച്ച് കൊണ്ടിരിക്കും. എന്നാല്‍, ഒരാള്‍ തിന്ന് നശിപ്പിച്ചതും ധരിച്ച് ദ്രവിപ്പിച്ചതും ചെലവഴിച്ചതും മാത്രമേ അവന്റേതെന്ന് പറയാന്‍ പറ്റുന്നതായി ഉള്ളൂ. ബാക്കിയെല്ലാം ശേഷക്കാര്‍ക്കുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."