ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങളുടെ ഘോഷയാത്ര; അടുത്തത് ഞായറാഴ്ച
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങളുടെ ഘോഷയാത്ര. ഈ ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഈ മണ്‍സൂണ്‍ സീസണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഏഴാമത്തെ ന്യൂനമര്ദമായിരിക്കുമിത്. നേരത്തെ ജൂണ്‍ ഒന്‍പത്,19, ഈ മാസം നാല്, ഒന്‍പത്, 13,19 തിയതികളിലുമായിരുന്നു ഇവിടെ ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതില്‍ ജൂണിലും ഈ മാസം നാലിനും ഒന്‍പതിനും രൂപപ്പെട്ട ന്യൂനമര്‍ദം സംസ്ഥാനത്ത് ശക്തമായ മഴക്ക് കാരണമായി.
അതിനുശേഷം 13,19 തിയതികളില്‍ രൂപപ്പെട്ടവ കേരളത്തെ ബാധിച്ചില്ല. 19ന് രൂപപ്പെട്ട ന്യൂനമര്‍ദം കഴിഞ്ഞ ദിവസം ശക്തിപ്രാപിച്ചു ഒഡിഷക്കു മുകളിലെത്തി. ചത്തീസ്ഗഢ്, മധ്യപ്രദേശ്, ഡല്‍ഹി, രാജസ്ഥാന് മേഖലകളില്‍ അടുത്ത നാലു ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദവും കേരളത്തെ ബാധിക്കില്ലെന്നാണ് പ്രവചനം.
ഒറ്റപ്പെട്ടയിടങ്ങളിലെ മഴക്കു മാത്രമാണ് സാധ്യത. ഈ ന്യൂനമര്‍ദം ബംഗ്ലാദേശിലും ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലും മഴക്ക് കാരണമാകുമെന്നാണ് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."