ഓണക്കിറ്റിലെ കൈയിട്ടുവാരല്‍ വിജിലന്‍സ് കണ്ടെത്തി
500 രൂപയുടെ കിറ്റില്‍ 400 രൂപയുടെ സാധനങ്ങള്‍ മാത്രം
തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കിറ്റുകളില്‍ 400 മുതല്‍ 490 രൂപ വരെയുള്ള ഉല്‍പന്നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഇവയുടെ ഗുണനിലവാരവും തൂക്കവും ഉറപ്പു വരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും വിജിലന്‍സ് കണ്ടെത്തി. സപ്ലൈകോയുടെ സംസ്ഥാനത്തെ 58 പാക്കിങ് കേന്ദ്രങ്ങളിലും മാവേലി സ്‌റ്റോറുകളിലും റേഷന്‍ കടകളിലുമായി ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരില്‍ ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍. കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രമേ ഓരോ പായ്ക്കറ്റിലും അടങ്ങിയിട്ടുള്ളൂവെന്നും വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും കമ്പോള വിലയേക്കാള്‍ കൂടിയ വിലയാണ് പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് 500 രൂപ വിലവരുന്ന 11 ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കുറഞ്ഞ വിലയ്ക്കുള്ള ഉല്‍പന്നങ്ങള്‍ മാത്രമേ കിറ്റിലൂള്ളൂവെന്ന് സാമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
മിക്ക പാക്കിങ് കേന്ദ്രങ്ങളിലും വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ചില പായ്ക്കറ്റുകളില്‍ തയാറാക്കിയ തിയതി, പാക്കിങ് തിയതി എന്നിവയും രേഖപ്പെടുത്തിയിരുന്നില്ല. നിര്‍ദേശിച്ച എല്ലാ ഭക്ഷ്യവസ്തുക്കളും കിറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതും പരിശോധനയില്‍ കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് അറിയിച്ചു. വിജിലന്‍സ് ഐ.ജി എച്ച്. വെങ്കിടേഷ്, ഡിവൈ.എസ്.പി ആര്‍.ഡി അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."