ബയോ തീം പാര്‍ക്കിനെതിരേ നടക്കുന്ന പ്രചാരണങ്ങളില്‍ ദുരൂഹതയെന്ന്
കല്‍പ്പറ്റ: തൊണ്ടര്‍നാട് നീലോമില്‍ നിര്‍മിച്ച ബയോ തീം പാര്‍ക്കിനെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ ദുരൂഹതയുള്ളതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇത്തരം കുപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തും. പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാതെയാണ് പ്രവാസി മലയാളികളുടെ ഈ സംരംഭം ആരംഭിച്ചത്.
വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിമൂലം സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം സംരംഭം ഏറെ ആശ്വാസകരമാണ്. 2013 ജൂലൈ 20ന് അന്നത്തെ മന്ത്രിമാരായ കെ.പി അനില്‍കുമാറും പി.കെ ജയലക്ഷ്മിയും ചേര്‍ന്നാണ് പാര്‍ക്കിന് തറക്കല്ലിട്ടത്. മണ്ണ് നീക്കിയത് പോലും സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുമതി നേടിയതിന് ശേഷമാണ്. ഈ അനുമതിയെ തുടര്‍ന്നാണ് ഇത്രത്തോളം നിര്‍മാണം പുരോഗമിച്ചതും.
വിവിധ ഘട്ടങ്ങളില്‍ മലീനീകരണ നിയന്ത്രണബോര്‍ഡ്, കെ.എസ്.ഇ.ബി, പഞ്ചായത്ത്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്, വെറ്ററിനറി തുടങ്ങിയ വിവിധ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഇത്രയുംകാലം യാതൊരു പരാതിയും ഉന്നയിക്കാതെ ഉദ്ഘാടന തലേന്ന് ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണ്.
വാര്‍ത്താസമ്മേളനത്തില്‍ കെ ഉസ്മാന്‍, കെ.കെ അമ്മദ്, അത്തിലന്‍ അമ്മദ്, ജാഫര്‍, കമ്പ അബ്ദുള്ളഹാജി, ഇ മുഹമ്മദലി, ഉസ്മാന്‍ പടിക്കലക്കണ്ടി, സിബി, സുബൈര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."