വനിതകള്‍ വിത്തെറിഞ്ഞു; 1200 ഏക്കറില്‍ ജൈവപച്ചക്കറി റെഡി
മഞ്ചേരി: വിഷരഹിത പച്ചക്കറിക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ലയിലെ 1200 ഏക്കര്‍ ഭൂമിയില്‍ വിത്തെറിഞ്ഞു. -പൊലിവ് -പദ്ധതിയുടെ ഭാഗമായാണു ജില്ലയിലെ എല്ലാ പഞ്ചായത്തുകള്‍ തോറുമുള്ള അയല്‍ക്കൂട്ടം, ബാലസഭ , വനിതാ കാര്‍ഷിക സംഘം എന്നിവരുള്‍പ്പെടെ 5,60,000 പേര് മണ്ണിലിറങ്ങിയത്. വിഷമില്ലാത്ത പച്ചക്കറിയുടെ തിരിച്ചുവരവിനും കാര്‍ഷിക സംസ്ക്കാരത്തെ സജീവമാക്കാനുമാണു ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പദ്ധതിക്കു തുടക്കമിട്ടത്. കുടുംബശ്രീ സംഘടനാ സംവിധാനത്തെ ശാക്തീകരിക്കലും നല്ല ജീവിതശൈലി, നല്ല ആരോഗ്യം, ശുദ്ധജലം, മാലിന്യസംസ്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ ശീലം വളര്‍ത്തുകയുമാണു പ്രധാന ലക്ഷ്യം. ജില്ലയിലെ ഓരോ അയല്‍ക്കൂട്ടങ്ങളും ബാലസഭകളും ഇക്കഴിഞ്ഞ 9, 10 തീയതികളില്‍ മൂന്നു സെന്റ് സ്ഥലത്ത് അഞ്ചിനം പച്ചക്കറികളും മൂന്നിനം ഫലവൃക്ഷത്തൈകളുംനട്ടതിലൂടെയാണു ക്യാമ്പയിനു തുടക്കമായത്.
മഴക്കാലത്തു സുലഭമായി വളരുന്ന ചീര, വഴുതന തുടങ്ങിയ പച്ചക്കറികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കിയത്. മിക്ക പഞ്ചായത്തുകളും ഇത്തരം കൃഷിയിറക്കുന്നതില്‍ സജീവമായിക്കഴിഞ്ഞു. ഓണത്തിനു മുമ്പായി പച്ചക്കറികള്‍ വിളവെടുത്തു ജില്ലയുടെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നതിനും അതുവഴി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷം നിറഞ്ഞ പച്ചക്കറികളെ തടയാനാവുമെന്നാണു കണക്കാക്കുന്നത്. കൂടാതെ ഓണ സീസണിലെ വിലക്കയറ്റത്തെ നിയന്ത്രിക്കാനും പദ്ധതി ഉപകരിക്കുമെന്നാണു വിലയിരുത്തല്‍. ഓരോ വീടുകളേയും കാര്‍ഷിക സമൃദ്ധമാക്കുന്നതിനായി പദ്ധതി പ്രത്യേകം ഊന്നല്‍ നല്കുന്നു. ഒരു വീട്ടില്‍ ഒരു കറിവേപ്പില തൈ- എന്ന മുദ്രാവാക്യം പദ്ധതിയുടെ ഭാഗമാണ്. മികച്ച കൃഷിയിറക്കുന്നതിനു കര്‍ഷകര്‍ക്കു പരിശീലനം നല്‍കുന്നതിനായി റിസോഴ്സ് പേഴ്സണ്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക്- ജില്ലാ-തല മോണിറ്ററിങ് സംവിധാനം വഴി മികവുറ്റ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതിനു പ്രത്യേകം നടപടി സ്വീകരിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതോടെ ജില്ലയിലെ 338 ഹെക്ടര്‍ ഭൂമിയും പച്ചക്കറികള്‍ കൊണ്ടു നിറയുമെന്നാണു സംഘാടകര്‍ കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."